മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; ഭരണമുറപ്പിച്ച് ബി.ജെ.പി, ആശ്വാസത്തോടെ ശിവരാജ് സിങ് ചൗഹാൻ
text_fieldsഭോപ്പാൽ: മധ്യപ്രദേശ് നിയമസഭയിലെ 28 സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 19ലും ഭരണകക്ഷിയായ ബി.ജെ.പി മുന്നിൽ. എട്ട് സീറ്റുകളിൽ വിജയിച്ചപ്പോൾ 11 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ് ബി.ജെ.പി. ഒമ്പത് സീറ്റാണ് ബി.ജെ.പിക്ക് ആവശ്യം. എട്ടിടത്തെ വിജയത്തോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഭരണം നിലനിർത്തുമെന്ന് ഏറെക്കുറെ തീർച്ചയായി.
ഒരു സീറ്റിൽ വിജയിച്ച കോൺഗ്രസ് ഏഴ് സീറ്റുകളിൽ മുന്നിട്ടുനിൽക്കുകയാണ്. ഒരു സീറ്റിൽ ബി.എസ്.പിയാണ് മുന്നിൽ.
230 അംഗ നിയമസഭയിൽ 116 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നിലവിൽ ബി.ജെ.പിക്ക് 107 പേരുടെ പിന്തുണയുണ്ട്. ഒമ്പത് പേരുടെ വിജയത്തോടെ ബി.ജെ.പിക്ക് ഭരണം നിലനിർത്താം.
28 സീറ്റുകളിലും വിജയിച്ചാൽ മാത്രമേ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയുണ്ടായിരുന്നുള്ളൂ. 21 സീറ്റിലെങ്കിലും ജയിച്ചാൽ മാത്രമേ ബി.എസ്.പി, എസ്.പി എന്നിവയുമായി വിലപേശലിനുള്ള സാധ്യത പോലും അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.
ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം 25 എം.എൽ.എമാർ കഴിഞ്ഞ മാർച്ചിൽ ബി.ജെ.പി പക്ഷത്തേക്ക് കാലുമാറിയതിനെ തുടർന്നാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മരണമടഞ്ഞ മൂന്ന് എം.എൽ.എമാരുടെ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നു. സിന്ധ്യക്കും ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. സിന്ധ്യയും ബി.എസ്.പിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണം ശക്തമായിരുന്നു.
അതിനിടെ, ഇന്ദോറിൽ കോൺഗ്രസ് സ്ഥാനാർഥി പ്രേംചന്ദ് ഗുഡ്ഡുവിന്‍റെ അനുയായികൾ വോട്ടെണ്ണൽ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. വോട്ടെണ്ണലിൽ ക്രമക്കേട് നടക്കുന്നതായും വോട്ടിങ് യന്ത്രത്തിന്‍റെ സീലുകൾ പൊട്ടിയിരുന്നെന്നും ബി.ജെ.പിയുടെ സമ്മർദത്തിന് കീഴിലാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.