Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകല്ലെറിഞ്ഞ...

കല്ലെറിഞ്ഞ ബജ്റംഗ്ദളുകാരെ ലാത്തിച്ചാർജ് നടത്തിയതിന് പൊലീസിനെതിരെ നടപടി; കല്ലേറിന്റെ വിഡിയോ പുറത്ത്

text_fields
bookmark_border
കല്ലെറിഞ്ഞ ബജ്റംഗ്ദളുകാരെ ലാത്തിച്ചാർജ് നടത്തിയതിന് പൊലീസിനെതിരെ നടപടി; കല്ലേറിന്റെ വിഡിയോ പുറത്ത്
cancel

ഇൻഡോർ: പൊലീസിന് നേരെ കല്ലെറിഞ്ഞ ബജ്റംഗ്ദൾ പ്രവർത്തകരെ ലാത്തി വീശി ഓടിച്ചതിന്റെ പേരിൽ മധ്യപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് വിവാദമാകുന്നു. പ്രകടനമായെത്തിയ ബജ്റംഗ്ദളുകാർ പ്രകോപനമൊന്നുമില്ലാതെ തന്നെ പൊലീസിന് നേരെ കല്ലും വടികളും എറിയുകയായിരുന്നു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഇതിനുപിന്നാലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഉൾപ്പെടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച സ്‍ഥലംമാറ്റിയിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് മയക്കുമരുന്ന് മാഫിയക്കെതിരെ എന്ന പേരിൽ ഇൻഡോർ നഗരത്തിലെ തിരക്കേറിയ പാലാസിയ ജങ്ഷനിൽ ബജ്‌റംഗ്ദൾ പ്രകടനം നടത്തിയത്. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടു. തുടർന്നാണ് ലാത്തിച്ചാർജ് തുടങ്ങിയത്. എന്നാൽ, പൊലീസ് നടപടിക്കെതിരെ ഭരണകക്ഷിയായ ബി.ജെ.പിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതാക്കൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തി.

ലാത്തിച്ചാർജിന് ഉത്തരവിട്ട ഡി.സി.പി ധർമ്മേന്ദ്ര സിംഗ് ഭഡോറിയയെ നിലവിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കി റസ്‌തോംജി ആംഡ് പൊലീസ് ട്രെയിനിങ് കോളജ് (ആർഎപിടിസി) കമാൻഡന്റായാണ് സ്ഥലം മാറ്റിയത്. പാലാസിയ സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് സഞ്ജയ് സിംഗ് ബായിസിനെ പൊലീസ് ലൈനിലേക്കും സ്ഥലം മാറ്റി. ഇരുവർക്കുമെതിരെ സംഭവം നടന്ന് 24 മണിക്കൂറിനകം തന്നെ നടപടിയെടുത്തിരുന്നു. പ്രകടനത്തിനിടെ പൊലീസിനെ ആക്രമിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 147, 188, 332 എന്നീ വകുപ്പുകൾ പ്രകാരം അജ്ഞാതരായ വ്യക്തികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതും ബി.ജെ.പി, വി.എച്ച്.പി നേതാക്കളെ പ്രകോപിപ്പിച്ചത്.

എന്നാൽ, ബജ്‌റംഗ്ദൾ പ്രവർത്തകരെ പൊലീസ് ക്രൂരമായി ലാത്തികൊണ്ട് അടിച്ചതായും 11 പേർക്ക് പരിക്കേറ്റതായും ബിജെപി ഇൻഡോർ യൂണിറ്റ് പ്രസിഡന്റ് ഗൗരവ് രൺദീവ് ആരോപിച്ചു. പഴയ പക കാരണം ചില പൊലീസ് ഉദ്യോഗസ്ഥർ ബജ്‌റംഗ്ദൾ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നുവെന്ന് വി.എച്ച്‌.പി മാൾവ മേഖല സെക്രട്ടറി സോഹൻ വിശ്വകർമ പറഞ്ഞു. ലാത്തി ചാർജിന് ഉത്തരവിട്ട ഡിസിപി ഭദോറിയയെയും അസിസ്റ്റന്റ് പോലീസ് കമ്മീഷണറെയും മൂന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും 48 മണിക്കൂറിനുള്ളിൽ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, തിരക്കേറിയ കവലയിൽ അനുവാദമില്ലാതെ ബജ്‌റംഗ്ദൾ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നുവെന്നും ഇത് ഗതാഗതക്കുരുക്കിന് കാരണമായതായും ഡി.സി.പി ധർമ്മേന്ദ്ര സിംഗ് ഭഡോറിയ പറഞ്ഞു. പൊലീസ് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും പ്രതിഷേധക്കാർ നീങ്ങാതിരുന്നതോടെ നേരിയ ബലപ്രയോഗം നടത്തി. ഇതിനിടെ പൊലീസുകാരെ കല്ലും വടികളും ഉപയോഗിച്ച് ബജ്റംഗ്ദളുകാർ ആക്രമിക്കുകയായിരുന്നു. ​പ്രകടനക്കാരാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് ഇ​പ്പോൾ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vhpBajrang Dallathi chargepolice
News Summary - MP: DCP transferred after lathi-charge on Bajrang Dal activists
Next Story