കോളജുകളിൽ ഭഗവദ്ഗീത പാഠ്യവിഷയമാക്കും; പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ
text_fieldsഭോപ്പാൽ: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ 1360 കോളജുകളിലെ രണ്ടാം വർഷ വിദ്യാർഥികൾക്ക് ഭഗവദ്ഗീത ഐച്ഛിക വിഷയമായി പഠിപ്പിക്കാൻ മധ്യപ്രദേശ് സർക്കാർ പദ്ധതിയിടുന്നു. വിദ്യാർഥികളിൽ ജീവിത മൂല്യങ്ങളും ധാർമ്മികതയും വളർത്തിയെടുക്കുന്നതിനാണ് വിഷയം ഉൾപ്പെടുത്തുന്നതെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹൻ യാദവ് പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന് കീഴിൽ, വിദ്യാർഥികൾ ആധുനിക വിദ്യാഭ്യാസം നേടുന്നതിനൊപ്പം സമ്പന്നമായ ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് പഠിക്കുകയും വേണം. ഗീതയും രാമായണവും മതഗ്രന്ഥങ്ങൾ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിലും ഭഗവദ്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്നാം വർഷ കോളജ് വിദ്യാർഥികൾക്ക് തത്ത്വചിന്തകനായ ചാണക്യന്റെ കൃതികൾ ഐച്ഛിക വിഷയമായി പഠിപ്പിക്കാനും സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്.
2021ൽ, 16ാം നൂറ്റാണ്ടിലെ ഭക്തകവി തുളസീദാസിന്റെ ശ്രീരാമചരിതമനസ്, ശ്രീരാമന്റെ കഥ വിവരിക്കുന്ന ഒരു ഇതിഹാസ കാവ്യം, സംസ്‌കൃതം കർമ്മകാണ്ഡ് വിധാൻ (മന്ത്രങ്ങളും പൂജാ രീതികളും) എന്നിവ ഒന്നാം വർഷ വിദ്യാർഥികൾക്ക് പാഠ്യ വിഷയങ്ങളായി അവതരിപ്പിച്ചിരുന്നു. എന്നാൽ, 1360 കോളജുകളിലായുള്ള 97 വിദ്യാർഥികൾ മാത്രമാണ് ശ്രീരാമചരിതമനസ് തിരഞ്ഞെടുത്തതെന്ന് അധികൃതർ പറയുന്നു. അഞ്ച് പേരാണ് സംസ്‌കൃത കർമകാണ്ഡ് വിധാൻ തിരഞ്ഞെടുത്തത്.
അതേസമയം, പാഠ്യപദ്ധതിയിൽ മതഗ്രന്ഥങ്ങൾ ഉൾപ്പെടുത്തുന്നത് വിദ്യാർഥികളുടെ വിമർശനാത്മക ചിന്തയെ ഇല്ലാതാക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നത്. ഏത് പുസ്തകമായാലും ഒരു വീക്ഷണത്തിൽ നിന്ന് മാത്രം വായിക്കാൻ കഴിയില്ല. എന്നാൽ, മതപരമായ പുസ്തകങ്ങളെ പോസിറ്റീവായി മാത്രമേ കാണാൻ കഴിയൂ. വിമർശനം ബുദ്ധിമുട്ടാണ്. അതിനാൽ, വിമർശനാത്മക ചിന്തകൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കോഴ്സുകൾ പ്രശ്നമായേക്കാമെന്ന് വിദ്യാഭ്യാസ വിദഗ്ധൻ ലോകേഷ് മാൾട്ടി പ്രകാശ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.