വൈദ്യുത ബിൽ 3,419 കോടി; നിരക്ക് കണ്ട് വയോധികൻ കിടപ്പിലായി
text_fieldsഗ്വാളിയോർ: മധ്യപ്രദേശിൽ ഒരു കുടുംബത്തിന് വൈദ്യുതി ഉപയോഗിച്ച വകയിൽ ലഭിച്ചത് 3,419 കോടിയുടെ ബിൽ. ഗ്വാളിയോർ സ്വദേശിയായ പ്രിയങ്ക ഗുപ്ത എന്ന ഉപഭോക്താവിനാണ് ഭീമമായ തുകയുടെ ബിൽ കിട്ടിയത്.
ജൂലൈ 20ന് പുറത്തിറക്കിയ ബില്ലിലാണ് 3,419 കോടി രൂപ വൈദ്യുതചാർജ് ആയി രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് മധ്യപ്രദേശ് മധ്യക്ഷേത്ര വൈദ്യുത് വിത്രൻ കമ്പനിയുടെ പോർട്ടലിൽ കയറി പരിശോധിച്ചെങ്കിലും ബില്ലിലെ തുക ശരിയാണെന്ന് മനസിലായി. പിന്നീട് പിഴവ് കണ്ടെത്തുകയും 1,300 രൂപയുടെ പുതിയ ബിൽ നൽകുകയുമായിരുന്നെന്ന് പ്രയങ്കയുടെ ഭർത്താവ് സഞ്ജീവ് കാങ്കനെ പറഞ്ഞു. വൈദ്യുതി ബില്ലിലെ ഭീമമായ കണക്ക് കണ്ട് പിതാവിന് അസുഖം വന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, മനുഷ്യസഹജമായ പിഴവാണ് തെറ്റായ ബിൽ വരാൻ കാരണമെന്ന് മധ്യപ്രദേശ് സർക്കാരിന്‍റെ കീഴിലുള്ള മധ്യക്ഷേത്ര വൈദ്യുത് വിത്രൻ കമ്പനിയുടെ വിശദീകരണം. പിഴവുവരുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ജനറൽ മാനേജർ അറിയിച്ചു.
ഒരു ജീവനക്കാരൻ ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് ചേർക്കേണ്ട സ്ഥലത്ത് കൺസ്യൂമർ നമ്പർ തെറ്റായി രേഖപ്പെടുത്തി. ഇതാണ് ഭീമമായ തുക വൈദ്യുതി ബില്ലുവരാൻ കാരണം. 1,300 രൂപയുടെ തിരുത്തിയ ബിൽ ഉപഭോക്താവിന് നൽകിയിട്ടുണ്ടെന്നും ജനറൽ മാനേജർ പറഞ്ഞു.
പിഴവ് പരിഹരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും വൈദ്യുത മന്ത്രി പ്രദ്യുമൻ സിങ് തോമർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.