മധ്യപ്രദേശ് മന്ത്രിയുടെ ഭീഷണി; 'മംഗൾസൂത്ര' വിവാദ പരസ്യം സബ്യസാചി പിൻവലിച്ചു
text_fieldsന്യൂഡൽഹി: മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ മുന്നറിയിപ്പിന് പിന്നാലെ സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജി മംഗൾസൂത്ര കളക്ഷന്‍റെ വിവാദ പരസ്യം പിൻവലിച്ചു.
മോഡലുകൾ അർധ നഗ്നരായി പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് താലിമാലയുടെ പരസ്യം വിവാദത്തിലായത്. ഇതോടെയാണ് 24 മണിക്കൂറിനകം പരസ്യം പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഞായറാഴ്ച മുന്നറിയിപ്പ് നൽകിയത്.
ശാക്തീകരണവും അംഗീകാരവുമാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ പരസ്യം സമൂഹത്തിലെ ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തിയതിൽ അതിയായ ദുഃഖമുണ്ടെന്നും സാമൂഹിക മാധ്യമങ്ങളിൽ വിശദീകരണം നൽകിയാണ് സബ്യസാചി പരസ്യം പിൻവലിച്ചത്.
'ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയുടെ മംഗൾസൂത്ര പരസ്യം അങ്ങേയറ്റം പ്രതിഷേധാർഹവും വേദനാജനകവുമാണ്. 24 മണിക്കൂറിനുള്ളിൽ ആക്ഷേപകരമായ പരസ്യം നീക്കം ചെയ്തില്ലെങ്കിൽ, അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കും' -ഇങ്ങനെയായിരുന്നു മിശ്ര ഞായറാഴ്ച ട്വീറ്ററിലൂടെ മുന്നറിയിപ്പ് നൽകിയത്.
മംഗൾസൂത്ര ഡിസൈനിന്‍റെ പ്രചാരണത്തിന് ഉപയോഗിച്ച ഫോട്ടോഷൂട്ടിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. താലി ധരിച്ചുകൊണ്ട് മോഡലുകൾ അർധനഗ്നരായി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതാണ് വിവാദമാകാൻ കാരണം. പരസ്യത്തിൽ മംഗൾസൂത്രം ഉപയോഗിച്ചതിന് ബി.ജെ.പിയുടെ നിയമകാര്യ ഉപദേഷ്ടാവ് സബ്യസാചി മുഖർജിക്കെതിരെ നോട്ടീസ് നൽകിയിരുന്നു.
കറുത്ത നിറത്തിലുള്ള അടിവസ്ത്രം ധരിച്ച മോഡൽ മംഗൾസൂത്രം അണിഞ്ഞ് പുരുഷ മോഡലിനോട് അടുത്തിടപഴകി എടുത്ത ഫോട്ടോയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇത് ഹൈന്ദവ സമൂഹത്തെയും ഹിന്ദു വിവാഹങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണെന്നായിരുന്നു പ്രധാന വിമർശനം.
കറുത്ത ഒാനിക്സും പേളും 18 കാരറ്റ് സ്വർണവും ചേർത്താണ് മംഗൾസൂത്രം നിർമിച്ചത്. 1,65,000 രൂപയാണ് ഇതിന്‍റെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.