ആമസോണിലൂടെ കഞ്ചാവ് വിൽപ്പന; എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കെതിരെ കേസ്
text_fieldsഭോപാൽ: മധ്യപ്രദേശിൽ ഓൺലൈനിലൂടെ കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ആമസോൺ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കെതിരെ കേസ്. മയക്കുമരുന്ന് നിരോധന നിയമപ്രകാരമാണ് കേസ്. ഒാൺലൈനിലൂടെ മധുര തുളസി, കറിവേപ്പില എന്നിവയുടെ പേരിലായിരുന്നു കഞ്ചാവ് വിൽപ്പന. മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്.
തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി നിയമവിരുദ്ധമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്നും അേന്വഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും ആമസോൺ വ്യക്തമാക്കിയിരുന്നു. എഫ്.ഐ.ആറിൽ ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥന്റെ േപര് പരാമർശിച്ചിട്ടില്ല.
നവംബർ 13ന് ഗോഹദ് പൊലീസ് സ്റ്റേഷനിൽ 21.7 കിലോ കഞ്ചാവ് പിടികൂടിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഗ്വാളിയോർ സ്വദേശിയായ ബിജേന്ദ്ര തോമറിന്‍റെയും സുരജിന്‍റെയും കൈവശം സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിനിടെ ഗ്വാളിയാർ സ്വദേശിയായ മുകുൾ ജയ്സ്വാളിനെയും കഞ്ചാവ് വാങ്ങാൻ ശ്രമിച്ച ചിത്ര ബാൽമീകിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആമസോൺ പ്ലാറ്റ്ഫോം വഴിയാണ് കഞ്ചാവ് കടത്തുന്നതെന്ന് കണ്ടെത്തിയത്. 'ബാബു ടെക്സ്' എന്ന പേരിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പേരിലായിരുന്നു വിൽപ്പന.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിൽനിന്നാണ് മധ്യപ്രദേശിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. കേസുമായി സഹകരിക്കണമെന്ന് ആമസോണിനോട് മധ്യപ്രദേശ് സർക്കാറും അന്വേഷണ ഏജൻസിയും ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.