തന്റെ ഒന്നര ലക്ഷത്തിന്റെ പേന കളഞ്ഞുപോയതായി എം.പി; അന്വേഷണം തുടങ്ങി പൊലീസ്
text_fieldsഒന്നരലക്ഷം രൂപ വിലവരുന്ന തന്റെ പേന കാണാതായതായി തമിഴ്നാട് എം.പി വിജയ് വസന്ത്. കന്യാകുമാരി മണ്ഡലത്തിലെ കോൺഗ്രസ് എം.പിയാണ് വിജയ് വസന്ത്. ചെന്നൈയിലെ ഹോട്ടലിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ എംഎൽഎമാരെയും എംപിമാരെയും കണ്ട ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് പേന നഷ്ടപ്പെട്ടതെന്ന് എം.പി ചൊവ്വാഴ്ച ഗിണ്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ജനപ്രതിനിധികളെയാണ് സിൻഹ കണ്ടത്. കന്യാകുമാരി എംപിയായിരുന്ന പരേതനായ പിതാവ് എച്ച്. വസന്തകുമാറിൽ നിന്ന് തനിക്ക് പാരമ്പര്യമായി ലഭിച്ച മോണ്ട്ബ്ലാങ്ക് ഫൗണ്ടൻ പേനയാണ് നഷ്ടപ്പെട്ടത്. പേന തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും അതിനാലാണ് പോലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചതെന്നും വിജയ് വസന്ത് പറഞ്ഞു.
'അപ്പ (വസന്തകുമാർ) അത് ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മുതൽ പേന ഞാൻ ഉപയോഗിച്ചിരുന്നു. ഇപ്പോൾ രണ്ടു വർഷത്തോടടുത്തിരിക്കുന്നു. ഗിണ്ടിയിലെ ഒരു ഹോട്ടലിൽ നടന്ന പരിപാടിയിൽ ഞാൻ പങ്കെടുത്തപ്പോൾ പേന എന്റെ കൈയ്യിൽ ഉണ്ടായിരുന്നു. പിന്നീട് പരിശോധിച്ചപ്പോൾ കാണുന്നുണ്ടായിരുന്നില്ല. പരിപാടിയിൽ കോൺഗ്രസ്, സഖ്യകക്ഷി അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ പുറത്തുനിന്നുള്ളവർ കടന്നുവരാൻ സാധ്യതയില്ല. കനത്ത തിരക്ക് കാരണം പോക്കറ്റിൽ നിന്ന് പേന വീണിട്ടുണ്ടാകണം. ഞാൻ ഹോട്ടൽ അധികൃതരോട് പ്രശ്നം ഉന്നയിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു, എന്നാൽ പരാതി നൽകിയതിന് ശേഷം മാത്രമേ അത് ചെയ്യാൻ കഴിയൂ എന്ന് അവർ പറഞ്ഞു'-വിജയ് വസന്ത് മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് പേന ഉടൻ വീണ്ടെടുക്കുമെന്ന് വിശ്വസിക്കുന്നതായും വസന്ത് പറഞ്ഞു. 'പേന മോഷ്ടിക്കപ്പെട്ടതായി ഞാൻ പരാതി നൽകിയതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അത് ശരിയല്ല. മിസ്സിംഗ് പരാതി മാത്രമാണ് ഞാൻ നൽകിയത്. പേന ഉടൻ എന്നിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു'-അദ്ദേഹം പറഞ്ഞു.
വസന്തകുമാറിന്റെ പിതാവും സംസ്ഥാനത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയുടെ സ്ഥാപകനുമായ വസന്തകുമാർ 2020-ൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് വസന്ത് തിരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.