നവരാത്രിക്ക് വ്യാപാരികള്‍ കടകളുടെ മുന്നിൽ പേര് പ്രദര്‍ശിപ്പിക്കണമെന്ന് മധ്യപ്രദേശിലെ ബി.ജെ.പി കോര്‍പറേഷന്‍
text_fieldsഭോപാൽ: ഒക്ടോബർ 3ന് ആരംഭിക്കുന്ന 10 ദിവസത്തെ നവരാത്രി ഉത്സവത്തിന് മുന്നോടിയായി എല്ലാ കച്ചവടക്കാരും അവരുടെ പേര് കടകൾക്കു മുന്നിൽ പ്രദർശിപ്പിക്കണമെന്ന് മധ്യപ്രദേശിലെ ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ. ബി.ജെ.പി മേയർ പ്രഹ്ലാദ് പട്ടേലിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23ന് ചേർന്ന യോഗത്തിൽ കോർപ്പറേഷൻ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. ‘10 ദിവസത്തെ നവരാതി മേള കണക്കിലെടുത്ത് ഓരോ കടയുടമയും കടകൾക്ക് മുന്നിൽ അവരുടെ പേര് പ്രദർശിപ്പിക്കണം’ എന്നാണ് പ്രമേയത്തിന്റെ ഉള്ളടക്കം.
കടയുടമകളോ ഭക്ഷണശാല ഉടമകളോ പേരുകൾ പ്രദർശിപ്പിക്കേണ്ടതില്ലെന്ന സുപ്രീംകോടതിയുടെ ജൂലൈയിലെ ഉത്തരവിന്റെ നേരിട്ടുള്ള ലംഘനമാണ് പ്രമേയം. ഈ വർഷത്തെ കൻവാർ യാത്രയിൽ പഴം, പച്ചക്കറി കച്ചവടക്കാർ, റസ്റ്റോറന്‍റ് ഉടമകൾ എന്നിവരുൾപ്പെടെ എല്ലാ കടയുടമകളും അവരുടെ സ്ഥാപനങ്ങൾക്ക് മുന്നിൽ പേരുകൾ പ്രദർശിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ നിർദേശം നൽകുകയുണ്ടായി. ഏത് മതവിഭാഗത്തിൽപ്പെട്ടവരാണ് പ്രദർശിപ്പിക്കേണ്ടതെന്ന് മുസഫർനഗർ ജില്ല അധികൃതർ നോട്ടീസ് അയച്ചതോടെയാണ് വിഷയം പുറത്തായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് പുറപ്പെടുവിച്ച ഉത്തരവായിരുന്നു അത്. തീർഥാടകരുടെ പവിത്രത സംരക്ഷിക്കാനാണ് ഈ നീക്കമെന്നായിരുന്നു വിശദീകരണം.
മറ്റ് മതവിഭാഗങ്ങളിൽപ്പെട്ട കടയുടമകളോടുള്ള വിവേചനവും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 ന്‍റെ നേരിട്ടുള്ള ലംഘനവുമാണെന്ന് വിശേഷിപ്പിച്ച സംഭവം വൻ പ്രതിഷേധമുയർത്തി. പേരുകൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കുന്ന യു.പി സർക്കാരിന്റെ നിർദേശം തള്ളി ജൂലൈ 22ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഹിന്ദു പേരുകളില്‍ മുസ്‌ലിംകള്‍ കടകള്‍ ആരംഭിച്ച് തീർഥാടര്‍ക്ക് മാംസാഹാരം വിളമ്പുന്നുവെന്ന് ബി.ജെ.പി മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മുസഫര്‍നഗര്‍ പൊലീസ് കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. അതിനുശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.