ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; രാജി പ്രഖ്യാപിച്ച് ബി.ജെ.പി ജില്ല സെക്രട്ടറി
text_fieldsഭോപ്പാൽ: മധ്യപ്രദേശിൽ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിലെ അതൃപ്തിയാൽ രാജി പ്രഖ്യാപിച്ച് ബി.ജെ.പി സിദ്ദി ജില്ലാ ജനറൽ സെക്രട്ടറി വിവേക് കോൽ. ബി.ജെ.പി നേതാവിന്‍റെ പ്രവൃത്തി അപലപനീയമാണെന്നും ഇയാൾക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് വിവേക് ആവശ്യപ്പെട്ടു.
"പാർട്ടിയിൽ നിന്നും രാജിവെക്കുകയാണ് എന്ന് തീരുമാനിച്ച് കഴിഞ്ഞു. രണ്ട് ദിവസം മുമ്പ് രാജിക്കത്ത് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ വി.ഡി ശർമക്ക് ഇ-മെയിൽ അയച്ചിരുന്നു. പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും രാജി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. രാജി പിൻവലിക്കാൻ ഇതുവരെ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല" - അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവ് പ്രവേശ് ശുക്ലയുടെ പ്രവൃത്തി തനിക്ക് വേദനയുണ്ടാക്കിയെന്ന് വിവേക് രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് വർഷത്തോളം സിദ്ദിയിലെ ആദിവാസി വിഭാഗക്കാർക്കെതിരെ ബി.ജെ.പി നേതാവ് കേദാർനാഥ് ശുക്ല നടത്തിവരുന്ന അനീതിയിൽ തനിക്ക് വിയോജിപ്പുണ്ടെന്നും വിവേക് പറഞ്ഞു.
അടുത്തിടെയാണ് ആദിവാസി യുവാവിന്‍റെ മുഖത്ത് ബി.ജെ.പി നേതാവ് മൂത്രമൊഴിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സംഭവത്തിൽ ബി.ജെ.പിക്കെതിരെയും വലിയ വിമർശനങ്ങൾ ഉയർന്നു. ഇതിന് പിന്നാലെ പ്രായശ്ചിത്തമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആദിവാസി യുവാവിന്‍റെ കാൽ കഴുകുകയുണ്ടായി.
അതേസമയം, ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഗോത്രവർഗ വിഭാഗക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ ക്രമാതീതമായി ഉയർന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി നേതാവിന്‍റെ മനുഷ്യത്വരഹിതമായ പ്രവൃത്തി മനുഷ്യരാശിയെ ആകെ ലജ്ജിപ്പിച്ചു. ഇത് ആദിവാസികളോടുള്ള ബി.ജെ.പിയുടെ ശരിയായ നിലപാടാണ് വ്യക്തമാക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.