എം.പിമാർക്ക് ശമ്പള വർധന; പ്രതിമാസം 1,24,000 രൂപ, അലവൻസും പെൻഷനും ഉയർത്തി
text_fieldsന്യൂഡൽഹി: പാർലമെന്‍റ് അംഗങ്ങൾക്ക് 24 ശതമാനം ശമ്പള വർധന നിലവിൽ വരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 2023 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം ഉയർത്തുന്നത്. ദൈനംദിന ചെലവുകൾക്കായുള്ള ബത്ത 25 ശതമാനവും എം.പിമാർക്കും മുൻ എം.പിമാർക്കുമുള്ള പെൻഷൻ 24 ശതമാനവും ഉയർത്തും. ഇതോടെ എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരുലക്ഷം രൂപയിൽനിന്ന് 1.24 ലക്ഷവും ഡെയിലി അലവൻസ് 2000 രൂപയിൽനിന്ന് 2500 രൂപയായും ഉയരും.
കാലാവധി തീരുന്ന എം.പിമാർക്ക് ഇതുവരെ 25,000 രൂപയാണ് പെൻഷൻ നൽകിയിരുന്നത്. ഇത് 31,000 രൂപയായി ഉയരും. മുൻ എം.പിമാർ ഔദ്യോഗിക കാലാവധിയിലിരുന്ന ഓരോ വർഷത്തിനും നൽകിവരുന്ന 2000 രൂപ അഡീഷനൽ പെൻഷൻ 2500 രൂപയാകും. ശമ്പള വർധന വ്യക്തമാക്കി കേന്ദ്രം വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
രാജ്യത്ത് പണപ്പെരുപ്പവും ജീവിതച്ചെലവും ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ശമ്പള വർധന നടപ്പാക്കിയത്. കർണാടകയിൽ ജനപ്രതിധികൾക്ക് ശമ്പളം വർധിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്രവും സമാന നീക്കവുമായി രംഗത്തെത്തിയത്. കർണാടകയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എം.എൽ.എമാർക്കും 100 ശതമാനമാണ് ശമ്പളം കൂട്ടിയത്. ഇത് സംസ്ഥാനത്ത് വലിയ ചർച്ചയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.