വഖഫ് പാനലിന്റെ പര്യടന യോഗം ക്വോറം ഇല്ലാതെയെന്ന് എം.പിമാർ
text_fieldsന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ 2024 പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെ.പി.സി) സംസ്ഥാന യോഗങ്ങളിൽ ക്വോറം പോലുമില്ലാതിരുന്നിട്ടും ചെയർമാൻ പര്യടനവുമായി മുന്നോട്ടുപോകുകയാണെന്ന് സമിതിയിലെ പ്രതിപക്ഷ എം.പിമാർ. ഇതുസംബന്ധിച്ച് ലോക്സഭ സ്പീക്കർ ഓം ബിർളയെ കണ്ടതിനുശേഷം ലഭിച്ച ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും അവർ സ്പീക്കർക്ക് അയച്ച കത്തിൽ ആരോപിച്ചു. ഡി.എം.കെ എം.പി എ. രാജ, കോൺഗ്രസിലെ മുഹമ്മദ് ജാവേദ്, തൃണമൂൽ കോൺഗ്രസിലെ കല്യാൺ ബാനർജി ഉൾപ്പെടെയുള്ളവരാണ് ആരോപണവുമായി രംഗത്തെത്തിയത്.
എന്നാൽ, പാർലമെൻറി സമിതികളുടെ പഠന പര്യടനങ്ങൾ അനൗപചാരിക പ്രവൃത്തിയാണെന്നും ക്വോറം തികയുന്നത് പോലെയുള്ള നിബന്ധനകൾ ബാധകമല്ലെന്നും ജെ.പി.സി അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ജഗദാംബിക പാൽ വാർത്ത ഏജൻസിയോട് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചിട്ടും വഖഫുമായി ബന്ധപ്പെട്ടവരുമായി സംസാരിക്കാൻ കഴിഞ്ഞെന്നും അഞ്ച് സംസ്ഥാനങ്ങളിൽ പര്യടനം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, റിപ്പോർട്ട് സമർപ്പിക്കേണ്ട അടിയന്തര സാഹചര്യമില്ലാത്തതിനാൽ നവംബർ അഞ്ചിന് സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാന പര്യടനം മാറ്റിവെച്ചേക്കാമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രതിപക്ഷ എം.പിമാർ പറഞ്ഞു. പര്യടനത്തിൽ നിരാശ പ്രകടിപ്പിച്ച അവർ, ഗുവാഹതിയിൽ നടന്ന ചെയർമാന്റെ യോഗത്തിൽ അഞ്ച് അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.