മീഡിയവണിന് പിന്തുണയുമായി എം.പിമാർ; വിലക്ക് ഉടൻ നീക്കണമെന്നും ആവശ്യം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ സുരക്ഷ അനുമതി നിഷേധിച്ച സംഭവത്തിൽ മീഡിയവൺ ചാനലിന് പിന്തുണയുമായി എം.പിമാർ. തൃണമൂൽ എം.പി മഹുവ മൊയ്ത്ര, ഡി.എം.കെ യുടെ കനിമൊഴി, എൻ.സി.പിയുടെ സുപ്രിയ സുലെ, ബി.എസ്.പി പാർലമെന്ററി പാർട്ടി നേതാവ് കൻവർ ഡാനിഷ് അലി എന്നിവർക്ക് പുറമേ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് എന്നിവരാണ് ചാനൽ വിലക്കിനെതിരെ രംഗത്തുവന്നത്.
സുരക്ഷകാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നതെങ്കിലും ഡൽഹി കലാപത്തിന്റെ യഥാർഥ വസ്തുതകൾ സംപ്രേഷണം ചെയ്തതാണ് വിലക്കിന് കാരണമെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. വ്യക്തമാക്കാത്ത സുരക്ഷകാരണങ്ങളാണ് വിലക്കിന് പിന്നിലെന്ന് ചാനൽ പറയുന്നുണ്ടെന്നും അവരുടെ ആശങ്കകൾ കേൾക്കണമെന്നുമായിരുന്നു സുപ്രിയ സുലെ പറഞ്ഞത്. ജനാധിപത്യത്തിൽ ജനങ്ങളുടെയും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശബ്ദം ഉയർന്നുകേൾക്കണമെന്ന് സൂചിപ്പിച്ച കനിമൊഴി, ഭിന്നാഭിപ്രായത്തെയും സംവാദത്തെയും നിശ്ശബ്ദമാക്കുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നും കൂട്ടിച്ചേർത്തു. മീഡിയവൺ വിലക്ക് ഉടൻ നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ചാനലിന്റെ ലൈസൻസ് പുതുക്കാത്ത കേന്ദ്ര നടപടി മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമാണെന്ന് കൻവർ ഡാനിഷ് അലി വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ പുതിയ തരം ആക്രമണങ്ങൾ വഴി അടിയന്തരാവസ്ഥ തിരിച്ചുകൊണ്ടുവരുകയാണെന്നും എന്തുവില കൊടുത്തും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനുമെതിരായ നീക്കമാണിതെന്നായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ പ്രതികരണം.
അതേസമയം, ലൈസൻസ് പിൻവലിച്ച നടപടി റദ്ദാക്കണമെന്ന് കോൺഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. .
ലൈസൻസ് പിൻവലിക്കാൻ സർക്കാർ ചൂണ്ടിക്കാട്ടിയ കാരണം വ്യർഥമാണെന്നും ചൗധരി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് മീഡിയ വൺ മാനേജ്മെന്റ് നൽകിയ ഹരജി ഇന്ന് കേരള ഹൈകോടതി പരിഗണിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.