എം.എസ്. സ്വാമിനാഥന്റെ മൃതദേഹം സംസ്കരിച്ചു
text_fieldsചെന്നൈ: കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖ കൃഷിശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം.
എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഗവർണർ ആർ.എൻ. രവി, കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. കേരളസർക്കാറിനെ പ്രതിനിധാനംചെയ്ത് മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, പി. പ്രസാദ് എന്നിവർ ആദരമർപ്പിച്ചു.
ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച സ്വാമിനാഥൻ വ്യാഴാഴ്ചയാണ് അന്തരിച്ചത്. പത്മവിഭൂഷൺ നേടിയ സ്വാമിനാഥൻ ഡോ. മങ്കൊമ്പ് കെ. സാംബശിവന്റെയും തങ്കത്തിന്റെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്ത് 1925 ആഗസ്റ്റ് ഏഴിനാണ് ജനിച്ചത്. ആലപ്പുഴ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പിലായിരുന്നു ഇദ്ദേഹത്തിന്റെ തറവാട്.
1952ൽ കാംബ്രിജ് സർവകലാശാലയിൽനിന്ന് ജനിതകശാസ്ത്രത്തിൽ പിഎച്ച്.ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷികരംഗത്തിന്റെ അതികായനായി മാറി. ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തർദേശീയതലത്തിൽ പ്രശസ്തനാക്കിയത്.
1966ൽ മെക്സിക്കൻ ഗോതമ്പിനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറുമേനികൊയ്തു. ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.