ദില്ലി സർവകലാശാലയിലെ വിദ്യാർത്ഥികളെ അനധികൃതമായി അറസ്റ്റ് ചെയ്ത സംഭവം അപലപനീയം- എം.എസ്.എഫ്
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ എട്ടോളം വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം അർധരാത്രിയിൽ യാതൊരു മുന്നറിയിപ്പ് ഇല്ലാതെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം അപലപനീയമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു. യാതൊരു വിധ രേഖയും ഇല്ലാതെ വിദ്യാർത്ഥികളുടെ അപ്പാർട്ട്മെന്റുകളിൽ കയറി, അവരുടെ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടു കെട്ടുകയും, വിദ്യാർത്ഥികളെ നേരം പുലരും വരെ സ്റ്റേഷനിൽ കസ്റ്റഡിയിൽ വെക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് മുമ്പും ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വിഷയത്തിൽ കൃത്യമായ വിശദീകരണം വേണമെന്നും ഇനി വിദ്യാർത്ഥികൾക് നേരെ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവരുത് എന്നും ആവശ്യപെട്ട് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജുവിന്റെ നേതൃത്വത്തിൽ പ്രതിനിധി സംഘം വിദ്യാർഥികൾക്കൊപ്പം ഡൽഹി മൽക്ക ഗഞ്ച് സബ്‌സി മണ്ഡി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കുമായി ചർച്ചനടത്തി.
ഈ സംഭവം വിദ്യാർത്ഥികളുടെ സുരക്ഷയെയും അവകാശങ്ങളെയും കുറിച്ച് ആശങ്കകൾ ഉയർത്തുന്നു എന്നും പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും അനാവശ്യമായ ഭയപ്പെടുത്തലിൽ നിന്ന് അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള അടിയന്തിര ഇടപെടലുകൾ വേണമെന്നും സംഘം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ട് സർവകലാശാലയിൽ എം.എസ്.എഫ് പ്രവർത്തകർക്കു നേരെ സംഘപരിവാർ ആക്രോശം ഉണ്ടായി. രാജ്യ വ്യാപകമായി വിവിധ ക്യാമ്പസുകളിൽ എം.എസ്.എഫ് പ്രവർത്തനങ്ങൾ സജീവമായി വരുന്ന സാഹചര്യത്തിൽ വിറളി പൂണ്ട് സംഘപരിവാർ സംഘം നടത്തുന്ന ഹീനമായ ശ്രമങ്ങളെ ചെറുത് തോല്പിക്കുമെന്നും വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഇത്തരം അനിഷ്ട സംഭവങ്ങൾ ഇല്ലാതിരിക്കാൻ തുടർന്നും വേണ്ട നടപടികൾ ചെയ്യുമെന്നും ഇത്തരം സംഭവങ്ങളിൽ ഉടനടി പ്രതികരിക്കാനും വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി എം.എസ്.എഫ് മുന്നിലുണ്ടാവുമെന്നും ദേശിയ പ്രസിസന്റ് പി.വി അഹമദ് സാജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.