ന്യൂനപക്ഷ സ്കോളർഷിപ് നിർത്തലാക്കിയതിനെതിരെ ഡൽഹിയിൽ എം.എസ്.എഫ് പ്രതിഷേധം
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാന ആസാദ് നാഷണൽ ഫെലോഷിപ് (എം.എ.എൻ.എഫ്), എട്ടാം ക്ലാസ് വരെയുള്ള പ്രീ മെട്രിക് സ്കോളർഷിപ് എന്നിവ നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധിച്ചു.
സച്ചാർ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികളെ ഗവേഷണ-പഠന മേഖലയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് എം.എ.എൻ.എഫ് ആരംഭിച്ചതെന്നും നിലവിൽ നാമമാത്രമായി നൽകി വരുന്ന ഫെലോഷിപ്പ് നിർത്തലാക്കുന്നതോടെ സ്ഥിതി കൂടുതൽ ദയനീയമാവുമെന്നും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് മുസ്ലിം ലീഗ് നാഷനൽ ഓർഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
സ്കോളർഷിപ്പ് നിർത്തലാക്കിയ തീരുമാനത്തിൽ നിന്ന് സർക്കാറിന് പിന്തിരിയേണ്ടി വരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അബ്ദുസ്സമദ് സമാദനി വ്യക്തമാക്കി. സർക്കാർ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന സമീപനം ഗുണകരമല്ലെന്നും ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ടെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് പി.വി അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു.
ഡൽഹി ഘടകം ലീഗ് അധ്യക്ഷൻ മൗലാന നിസാർ അഹമദ്, ജനറൽ സെക്രട്ടറി ഫൈസൽ ഷൈഖ്, യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് ആസിഫ് അൻസാരി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി, കെ.എം.സി.സി പ്രസിഡന്‍റ് അഡ്വ. ഹാരിസ് ബീരാൻ, അഫ്സൽ യൂസഫ്, ആശിഖ്റസൂൽ (ജെ.എൻ.യു)ഫാത്തിമ ബത്തൂൽ (ഡൽഹി സർവകലാശാല), മൻസൂർ ചൗദരി (ഹരിയാന), ശാക്കിർ (ജാമിഅ മില്ലിയ) എന്നിവർ സംസാരിച്ചു. എം.എസ്.എഫ് ദേശീയ ട്രഷറർ അദീബ് ഖാൻ സ്വാഗതവും ഡൽഹി ഘടകം ട്രഷറർ പി. അസ്ഹറുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.