‘മുഡ’ ഭൂമിവിവാദം; കർണാടകയിൽ പോർമുഖം തുറന്ന് കോൺഗ്രസും ബി.ജെ.പിയും
text_fieldsബംഗളൂരു: ‘മുഡ’ ഭൂമി ഇടപാട് വിവാദവുമായി ബന്ധപ്പെട്ട് കർണാടകയിൽ കോൺഗ്രസ് സർക്കാറിനെതിരെ ജെ.ഡി-എസിനെ കൂട്ടുപിടിച്ച് ബി.ജെ.പി കരുനീക്കം. കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണയോടെയാണ് ഗവർണറെ മുൻനിർത്തിയുള്ള ബി.ജെ.പിയുടെ നീക്കം. ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ പരീക്ഷണങ്ങൾക്ക് ഇടമായിരുന്ന കർണാടകയിൽ അധികാരത്തിലേക്ക് തിരിച്ചുവരാൻ സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി ഊർജിത ശ്രമം നടത്തിവരികയാണ്.
മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ബി.ജെ.പി നീക്കത്തെ ഒറ്റക്കെട്ടായെതിർക്കാനാണ് കോൺഗ്രസ് തീരുമാനം. മുഖ്യമന്ത്രിക്കെതിരായ വിചാരണക്ക് അനുമതി നൽകിയതിലൂടെ ഗവർണർ തന്റെ ഓഫിസിനെ ദുരുപയോഗം ചെയ്തെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര കുറ്റപ്പെടുത്തി. ബി.ജെ.പി നിയമിച്ച ഗവർണർമാർ ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
മുഖ്യമന്ത്രിയെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഉപമുഖ്യമന്ത്രിയും കർണാടക പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. അദ്ദേഹം എന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി തുടരും. ഞങ്ങൾ ഒന്നിച്ച് അദ്ദേഹത്തിന്റെ പിന്നിൽ നിൽക്കും -ശിവകുമാർ വ്യക്തമാക്കി. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രതികരിച്ച സിദ്ധരാമയ്യ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം കനപ്പിക്കുമ്പോൾ, മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പക്കെതിരായ പോക്സോ, അഴിമതി കേസുകളിൽ നടപടി ഊർജിതപ്പെടുത്താനാണ് കർണാടക സർക്കാറിന്റെ നീക്കം.
സിദ്ധരാമയ്യയെ പിന്തുണച്ച് ഹൈകമാൻഡ്
ന്യൂഡൽഹി: ‘മുഡ’ അഴിമതി ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോൺഗ്രസ് ഹൈകമാൻഡിന്റെ പിന്തുണ. മുഡ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിന്റെ നടപടി കർണാടക കോൺഗ്രസിലെ ഗ്രൂപ് തർക്കം രൂക്ഷമാക്കുമെന്ന് മനസ്സിലാക്കി സിദ്ധരാമയ്യക്ക് പിന്തുണ നൽകണമെന്ന സന്ദേശം സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഹൈകമാൻഡ് നൽകിയിട്ടുണ്ട്.
ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകുമെന്ന ധാരണയിൽ വിഷയം സിദ്ധരാമയ്യയുമായും ഡി.കെ. ശിവകുമാറുമായും ഹൈകമാൻഡ് നേരത്തെ ചർച്ച ചെയ്തിരുന്നു. പിന്നാക്ക നേതാവായ സിദ്ധരാമയ്യയെ വേട്ടയാടുന്നുവെന്ന പ്രചാരണം കോൺഗ്രസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.