കശ്മീരിെൻറ പേരിൽ കെട്ടുകഥകൾ യാഥാർഥ്യമാക്കി അവതരിപ്പിക്കപ്പെടുന്നു; പൊട്ടിത്തെറിച്ച് മഹ്ബൂബ
text_fieldsശ്രീനഗർ: കശ്മീരിെൻറ പേരിൽ കെട്ടുകഥകൾ യാഥാർഥ്യമാക്കി പ്രചരിപ്പിക്കപ്പെടുകയാണെന്നും തന്നെ വീട്ടുതടങ്കലിൽ ആക്കിയിട്ടും താൻ സ്വതന്ത്രയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രസ്താവന ഇറക്കിയ നാടാണിതെന്നും മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. തെരഞ്ഞെടുപ്പു നടത്തലല്ല കശ്മീർ പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണാൻ ചെയ്യേണ്ടതെന്നും ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചചെയ്യുകയാണ് വേണ്ടതെന്നും മഹ്ബൂബ പറഞ്ഞു.
കഴിഞ്ഞദിവസം വാർത്തസമ്മേളനം വിലക്കുകയും വീട്ടിൽ തടഞ്ഞുവെക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ചാണ് പി.ഡി.പി നേതാവ് തെൻറ വസതിയിൽ മാധ്യമങ്ങളോട് സംസാരിച്ചത്.ജില്ല വികസന മുന്നണി (ഡി.ഡി.സി) തെരഞ്ഞെടുപ്പിെൻറ പേരിൽ ബി.ജെ.പി സർക്കാർ ജനാധിപത്യത്തെ കൊല ചെയ്യുന്നുവെന്ന് ആരോപിച്ച അവർ, സഖ്യകക്ഷി സ്ഥാനാർഥികളെ വീടുകളിൽ തടഞ്ഞുവെച്ച് ബി.ജെ.പിക്കാരെ പ്രചാരണം നടത്താൻ അനുവദിക്കുകയായിരുന്നുവെന്നും പറഞ്ഞു. പി.ഡി.പിയുടെ യുവജന വിഭാഗം നേതാവ് വഹീദ് പാരയുടെ പുൽവാമയിലെ വീട് സന്ദർശിക്കുന്നതിൽനിന്ന് മഹ്ബൂബയെ പൊലീസ് വിലക്കിയ സംഭവവുമുണ്ടായിരുന്നു.
''കശ്മീർ പ്രശ്നത്തിൽ തെരഞ്ഞെടുപ്പല്ല പരിഹാര മാർഗം. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചയാണ് വേണ്ടത്. നമ്മുടെ മണ്ണ് കവർന്നെടുത്ത ചൈനയുമായി ചർച്ച ചെയ്യാമെങ്കിൽ എന്തുകൊണ്ട് പാകിസ്താനുമായി ചർച്ച പാടില്ല? അതൊരു മുസ്ലിം രാജ്യമായതുകൊണ്ടാണോ? എല്ലാം വർഗീയമയമായിക്കഴിഞ്ഞ ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെ സംശയിക്കേണ്ടി വരും.'' -മഹ്ബൂബ വിശദീകരിച്ചു.
പോളിങ് ശതമാനത്തിൽ വർധനയുണ്ടാവില്ലേ എന്ന ചോദ്യത്തിന്, മുമ്പും വലിയ രൂപത്തിൽ പോളിങ് ഉയർന്നിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
''ഇവിടെ ഒമ്പതു ലക്ഷത്തോളം സൈനികരുണ്ട്. മറ്റേതെങ്കിലും സംസ്ഥാനത്ത് ഇത്തരമൊരു സൈനിക സാന്നിധ്യമുണ്ടോ? 370ാം വകുപ്പ് റദ്ദാക്കിയതിലൂെട എല്ലാം ശരിയായി എന്നാണ് കരുതുന്നതെങ്കിൽ കശ്മീരിൽ എന്തിനാണ് ഇത്രയും സേനാസാന്നിധ്യം. ഞങ്ങളുടെ സ്ഥാനാർഥികൾക്ക് സുരക്ഷ നൽകാനാവില്ലെന്ന് പറഞ്ഞ് വീടുകളിരുത്തി, ബി.ജെ.പിക്കാരെ പുറത്തിറക്കി. 370ാം വകുപ്പിനെ പറ്റി എവിടെയും സംസാരിക്കരുതെന്ന് ഞങ്ങളോട് ഉത്തരവിട്ടു. എന്നാൽ, കശ്മീർ സന്ദർശിച്ച ഓരോ ബി.ജെ.പി മന്ത്രിയും പത്തിൽ ഒമ്പതു തവണയും 370ാം വകുപ്പ് റദ്ദാക്കിയതിനെ പറ്റി പ്രസംഗിക്കുന്നു. എന്നെ വീട്ടുതടങ്കലിൽ ആക്കിയപ്പോൾ, തടഞ്ഞിട്ടില്ലെന്ന് തെരഞ്ഞെടുപ്പു കമീഷനും മറ്റ് ഉദ്യോഗസ്ഥരും പ്രസ്താവിച്ചു. കശ്മീരിൽ എന്താണ് സംഭവിക്കുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. ഇവിടെ കെട്ടുകഥകൾ യാഥാർഥ്യങ്ങളായി അവതരിപ്പിക്കപ്പെടുകയാണ്'' -മഹ്ബൂബ തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.