കുതുബ് മിനാറിലെ മുഗൾ മസ്ജിദ് അടച്ചു; നമസ്കാരത്തിന് വിലക്ക്
text_fieldsന്യൂഡൽഹി: ഗ്യാൻവാപി, മഥുര പള്ളികളുടെ പേരിൽ വിവാദം തുടരുന്നതിനിടെ ചരിത്ര സ്മാരകമായ കുതുബ് മിനാർ സമുച്ചയത്തിലെ മുഗൾ പള്ളി അടച്ചു. ഇവിടെ നമസ്കാരം നിർവഹിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിലക്കി.
സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഇവിടെ നമസ്കാരമുണ്ടായിരുന്നു. പിന്നീട് ഡൽഹി വഖഫ് ബോർഡിന് കീഴിൽ നമസ്കാരം തുടർന്നു. 1993ലാണ് കുതുബ് മിനാറിനെ ലോക പൈതൃക പട്ടികയിൽപ്പെടുത്തിയത്. എങ്കിലും നമസ്കാരത്തിന് വിലക്കുണ്ടായിരുന്നില്ല. സംഘ്പരിവാർ സംഘടനകൾ കുതുബ് മിനാർ സമുച്ചയത്തിന് പുറത്ത് പലതവണ ധർണയും മറ്റും നടത്തിയപ്പോൾപോലും നമസ്കാരം മുടങ്ങിയിട്ടില്ലെന്ന് 1976 സെപ്റ്റംബർ 10 മുതൽ നമസ്കാരത്തിന് നേതൃത്വം നൽകുന്ന മൗലാന ഷേർ മുഹമ്മദ് പറഞ്ഞു.
കുതുബ് മിനാർ സമുച്ചയം ക്ഷേത്രമാണെന്നും ഡൽഹി സുൽത്താനേറ്റിന്റെ കാലത്ത് പള്ളിയാക്കി മാറ്റിയെന്നുമാണ് സംഘ്പരിവാർ ആരോപണം. ഇതിന്റെ പേരിൽ 1986ൽ തുടർച്ചയായി മൂന്നു ദിവസം ഇവിടെ സമരം നടത്തിയപ്പോഴും നമസ്കാരം നടന്നിരുന്നു. പള്ളിയിലെ അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നത് വഖഫ് ബോർഡാണ്.
മേയ് 13നാണ് നമസ്കാരം നിർത്തിവെക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ചില ഉദ്യോഗസ്ഥരും പൊലീസുകാരും തന്നോട് പറഞ്ഞതെന്ന് മൗലാന ഷേർ മുഹമ്മദ് അറിയിച്ചു. ഇതിനെ എതിർത്തപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ് കാണിച്ചു. തുടർന്ന് പള്ളി അടച്ചിട്ട പൊലീസ്, തന്റെ സ്വന്തം സാധനങ്ങൾ എടുക്കാൻ പോലും സമ്മതിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നമസ്കാരം തടയാൻ വൻ പൊലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.