മഹാരാഷ്ട്രയിൽ വർകാരി ഭക്തർക്ക് നേരെ ലാത്തിച്ചാർജ്, മുഗളൻമാർ വീണ്ടും അവതരിച്ചെന്ന് സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വർകാരി ഭക്തരുടെ പന്തർപൂരിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ലാത്തിച്ചാർജ്. പുനെയിൽ ഞായറാഴ്ചയാണ് സംഭവം. ഹിന്ദു വിശ്വാസ പ്രകാരം ഭഗവാൻ കൃഷ്ണന്റെ രൂപമായ വിേതാബയുടെ ഭക്തരാണ് വർകാരികൾ. ആദ്യമായാണ് വർകാരി ഭക്തരുടെ യാത്രക്കിടെ പൊലീസ് ലാത്തിച്ചാർജുണ്ടാകുന്നത്.
യാത്രക്കിടെ ഭക്തരും പൊലീസും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും അത് ലാത്തിച്ചാർജിൽ കലാശിക്കുകയുമായിരുന്നു. പുനെ നഗരത്തിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള അലാൻടി ടൗണിലെ ശ്രീക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിനിടെയാണ് തർക്കം ഉടലെടുക്കുന്നത്.
ഭകതരുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ ചെറിയ ലാത്തിച്ചാർജുണ്ടായി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിയമപ്രകാരം ക്ഷേത്ര കോമ്പൗണ്ടിലേക്ക് 75 ഭക്തർക്കാണ് പ്രവേശിക്കാൻ അവസരമുള്ളത്. എന്നാൽ 400 പേർ പ്രവേശിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, ലാത്തിച്ചാർജുണ്ടായെന്ന ആരോപണം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നിഷേധിച്ചു. ചെറിയ കലഹമാണുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വർഷം വൻ തിക്കും തിരക്കുമായിരുന്നു ഉണ്ടായിരുന്നത്. അത്തരമൊരു സാഹചര്യം ഒഴിവാക്കാനായി വിവിധ സമുദായങ്ങളിലെ ഭക്തർക്ക് പാസ് അനുവദിച്ചിരുന്നു. ഓരോ സംഘങ്ങൾക്കും 75 പേർക്കുള്ള പാസാണ് നൽകിയിരുന്നത് എന്നും ഫട്നാവിസ് പറഞ്ഞു.
എന്നാൽ അതിനു പകരം 500 ഓളം പേരാണ് എത്തിയത്. നിയന്ത്രണ സംവിധാനങ്ങൾ പാലിക്കാൻ അവർ തയാറായില്ല. അവർ ബാരിക്കേഡുകൾ തകർത്തു. പൊലീസ് അവരെ തടയാൻ ശ്രമിച്ചു. അതിനിടെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആഭ്യന്തരമന്ത്രി കൂടിയായ ഫട്നാവിസ് പറഞ്ഞു.
ഭക്തരോടുള്ള നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ‘ഹിന്ദുത്വ സർക്കാറിന്റെ കാപട്യം വെളിപ്പെട്ടു. മുഖംമൂടി അഴിഞ്ഞു വീണു. ഔറംഗസേബ് എങ്ങനെ വ്യത്യസ്തമായി പെരുമാറും? മുഗളൻമാർ മഹാരാഷ്ട്രയിൽ പുനരവതരിച്ചിരിക്കുന്നു’ -മുതിർന്ന ശിവസേനാ എം.പി സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.