മുഹമ്മദ് ഫൈസാൻ ഖാൻ; പൊലീസ് രാജ്യദ്രോഹിയാക്കിയ നിരപരാധിയുടെ ജീവിതം
text_fieldsഡൽഹി വംശീയാതിക്രമത്തിെൻറ പേരിൽ അറസ്റ്റിലായി 91 ദിവസത്തിനുശേഷം തെളിവുകളില്ലെന്നുകണ്ട് മോചിതനായ മുഹമ്മദ് ഫൈസാൻ ഖാെൻറ അനുഭവം പൊലീസ് ഭീകരതയുെട നടുക്കുന്ന കഥയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.
ഡൽഹിയിലെ മൊബൈൽ ഷോപ്പിലെ സിംകാർഡ് വിൽപനക്കാരനായിരുന്നു 35 കാരനായ ഫൈസാൻ. കലാപം ആസൂത്രണം ചെയ്യാൻ സഹായിക്കുംവിധം സിംകാർഡ് വിറ്റു എന്ന പേരിലാണ് യു.എ.പി.എ ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, മൂന്നുമാസത്തിനിപ്പുറം തെളിവില്ലെന്നു പറഞ്ഞ് ഫൈസാന്‍ ഡൽഹി ഹൈകോടതി ജാമ്യം നൽകി.
യു.എ.പി.എ കേസിൽ സഫൂറ സർഗാർ എന്ന ഗവേഷക വിദ്യാർഥിക്ക് ജാമ്യം നൽകിയത് ഗർഭിണിയാണെന്ന മാനുഷിക പരിഗണന വെച്ചാണെങ്കിൽ തീർത്തും മെറിറ്റിെൻറ അടിസ്ഥാനത്തിലായിരുന്നു ഫൈസാെൻറ ജാമ്യം.
കലാപ കേസിൽ യു.എ.പി.എ ചുമത്തിയ ജാമിഅ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹക്ക് സിം കാർഡ് വിറ്റുവെന്നാരോപിച്ചാണ് പൊലീസ് ഫൈസാെന അറസ്റ്റ് ചെയ്യുന്നത്. ഗൂഢാലോചന നടത്താൻ വാട്സ്ആപ് ഗ്രൂപ് ഉപയോഗിച്ചുവെന്നും പൊലീസ് എഫ്.ഐ.ആറിൽ എഴുതിച്ചേർത്തു.
പിതാവ് നേരത്തേ മരിച്ചുപോയതിനാൽ ഇളയ സഹോദരങ്ങളും മാതാവും അടങ്ങിയ കുടുംബത്തെ പോറ്റാൻ ജോലി തേടി മൂന്നുവർഷം മുമ്പ് യു.പിയിലെ പിലിബിത്തിൽനിന്ന് ഡൽഹിയിലെത്തിയതാണ് ഫൈസാൻ. ബട്ല ഹൗസിലെ ഒറ്റമുറിയിൽ ആയിരുന്നു ജീവിതം. ജാമിഅ നഗറിലെ ഗോൾഡൻ കമ്യൂണിക്കേഷനിൽ മാസം 14,000 രൂപക്ക് ജോലി ചെയ്ത് കുടുംബം പുലർത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് ഡൽഹി പൊലീസിെൻറ കേസ് വരുന്നത്.
ലോക്ഡൗണിന് തൊട്ടു തലേന്ന് മാർച്ച് 21ന് പിലിബിത്തിലെ വീട്ടിലേക്ക് പോയതായിരുന്നു ഫൈസാൻ. ആ ദിവസങ്ങളിലൊന്നിൽ ഒരു നമ്പറിനെക്കുറിച്ച് ചോദിച്ച് എെൻറ മുതലാളി വിളിച്ചു. എന്നാൽ, ദിവസവും കുറെ നമ്പറുകൾ ആക്ടിവേറ്റ് ചെയ്യുന്നതിനാൽ പ്രസ്തുത നമ്പർ ഓർത്തു പറയാൻ കഴിഞ്ഞില്ല.
തുടർന്ന് അദ്ദേഹം ഡൽഹി പൊലീസിലെ മുതിർന്ന ഓഫിസറുടെ നമ്പർ തന്ന് അതിലേക്ക് വിളിക്കാൻ പറഞ്ഞു. അതനുസരിച്ച് വിളിച്ചപ്പോൾ ഡൽഹിയിലേക്ക് എേപ്പാൾ തിരിച്ചുചെല്ലുമെന്ന് പൊലീസ് ചോദിച്ചു. ലോക്ഡൗൺ ആയതിനാൽ വാഹനങ്ങൾ ഒന്നുമില്ലായെന്ന് പറഞ്ഞപ്പോൾ സാരമില്ല, സൗകര്യംപോലെ വന്നാൽ മതിയെന്ന് മറുപടി കിട്ടി.
ലോക്ഡൗണിൽ ഇളവു വന്നപ്പോൾ തിരിച്ച് ജോലിയിൽ കയറാൻ പ്രതീക്ഷയോടെ ചെന്ന ഫൈസാനെ കാത്ത് ദുരന്തങ്ങളുടെ പരമ്പരതന്നെയുണ്ടായിരുന്നു. ഡൽഹി പൊലീസ് അന്വേഷിച്ച കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. അതിൽ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയതുമില്ല.
താൻ ജയിലിലേക്കാണ് പോവുന്നതെന്നോ കുടുംബത്തെ ഇനി കാണാൻ കഴിയില്ലെന്നോ ഒരിക്കലും ചിന്തിച്ചില്ല. ഡൽഹിയിലെത്തി പിറ്റേ ദിവസം പൊലീസ് ഒാഫിസറെ വിളിച്ചു. ലോധി റോഡിലെ ഓഫിസിൽ എത്താൻ പറഞ്ഞപ്പോൾ ഒരു തെറ്റും ചെയ്യാത്തതിനാൽ അതിന് മടി തോന്നിയില്ല. പിന്നീട് വിളിക്കാമെന്നു പറഞ്ഞതനുസരിച്ച് അവിടെനിന്ന് മടങ്ങിയെത്തിയപ്പോൾ മൂന്നുവർഷമായി തുടരുന്ന ജോലിയിൽനിന്ന് കമ്പനി ഒരു കാരണവും കൂടാതെ പിരിച്ചുവിട്ടിരുന്നു.
ജോലിയില്ലാതെ ഡൽഹിയിൽ നിൽക്കാൻ കഴിയില്ലെന്നും നാട്ടിലേക്ക് മടങ്ങുകയാണെന്നും പൊലീസിനെ അറിയിച്ച് മടങ്ങാൻ ശ്രമിച്ചപ്പോൾ ജൂലൈ രണ്ടിന് ലോധി റോഡിലെ സ്പെഷൽ സെൽ ഓഫിസിലേക്ക് ചെല്ലാനായിരുന്നു മറുപടി. അന്ന് ചെന്ന് പേരുവിവരങ്ങളും ഫോൺ നമ്പറും വിലാസവും എല്ലാം നൽകി.
പിറ്റേ ദിവസം വീണ്ടും ചെല്ലാൻ പറഞ്ഞു. ചോദ്യം ചെയ്യലിനായിരുന്നു അത്. അപ്പോഴും എന്താണ് കേസ് എന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല. എന്തിനാണ് ആ നമ്പർ പുറത്തുകൊടുത്തതെന്ന് അവർ വീണ്ടും വീണ്ടും ചോദിച്ചു. മറുപടിയില്ലാതെ ഞാൻ കുഴങ്ങി. അവർ ഉദ്ദേശിച്ചത് കിട്ടാതായപ്പോൾ പീഡനത്തിനിരയാക്കി.
അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്'. പിന്നീട് ഏതാനും ആഴ്ച കഴിഞ്ഞ് ഫൈസാനെ വീണ്ടും വിളിപ്പിച്ചു. ജൂലൈ 29ന് അറസ്റ്റ് ചെയ്തു.
കാര്യങ്ങൾ ഊഹിക്കാവുന്നതിനുമപ്പുറമായിരുന്നു. എെൻറ കുടുംബം ആകെ തകർന്നിരുന്നു. മാതാവ് ആശുപത്രിയിലായി. സഹോദരിമാരും അവശരായി. തിഹാർ ജയിലിൽ വെച്ചാണ് താഹിർ ഹുസൈനെ ആദ്യമായി കാണുന്നത്. താഹിറും ഞാനും മാത്രമായിരുന്നു ഡൽഹി കലാപ കേസിൽ കുറ്റാരോപിതരായി തിഹാർ ജയിലിലടക്കപ്പെട്ടവർ. ഞാൻ താഹിറിനെ ഒരിക്കൽ പോലും അതിന് മുമ്പ് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.
ബന്ധുവായ നവാദുമായി ബന്ധപ്പെട്ടാണ് ഫൈസാന്‍ ജാമ്യത്തിന് വഴിയൊരുങ്ങിയത്. മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർശിദിെൻറ ചേംബറിലെ അഭിഭാഷകയായ അസ്ര റഹ്മാൻ ആയിരുന്നു ഫൈസാെൻറ വക്കീൽ.
അവസാനം ജാമ്യം നൽകിക്കൊണ്ടുള്ള ഡൽഹി കോടതി വിധിയിൽ ഇങ്ങനെ എഴുതി. 2019 ഡിസംബറിൽ വ്യാജ ഐ.ഡിയിൽ സിം കാർഡ് ലഭ്യമാക്കി എന്നതിന് സി.സി.ടി.വിയിലോ ചാറ്റിലോ വിഡിയോയിലോ ഒരു തെളിവുമില്ല. ഇയാൾ ഏതെങ്കിലും ചാറ്റ് ഗ്രൂപ്പിലോ മറ്റോ ഗൂഢാലോചന നടത്തിയതായും കേസ് നിലനിൽക്കുന്നില്ല എന്ന്. അപ്പോഴേക്കും ഫൈസാന്‍ ജീവിതത്തിെൻറ പലതും നഷ്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.