മുഖ്താർ അബ്ബാസ് നഖ്‍വി പശ്ചിമബംഗാൾ ഗവർണറായേക്കും
text_fieldsകൊൽക്കത്ത: ജഗ്ദീപ് ധൻകറെ ബി.ജെ.പി പാർലമെന്ററി ബോർഡ് ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തീരുമാനിച്ചതിനു പിന്നാലെ പശ്ചിമ ബംഗാളിലെ അടുത്ത ഗവർണർ ആരായിരിക്കും എന്നാണ് ചർച്ച. രണ്ടുവർഷം കഴിഞ്ഞ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
അടുത്തിടെ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജ്യസഭയിൽ നിന്നും രാജിവെച്ച യു.പിയിലെ ശിയ മുസ്‍ലിംനേതാവ് മുഖ്താർ അബ്ബാസ് നഖ്‍വിയുടെ പേരാണ് ഗവർണർ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നത്. നേരത്തെ, നഖ്‌വിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ബി.ജെ.പി പാർലമെന്ററി യോഗം ധൻകറിനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തീരുമാനിച്ചത്. 2019ലാണ് ജഗ്ദീപ് ധൻകർ പശ്ചിമബംഗാൾ ഗവർണറായി നിയമിതനായത്.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ധൻകറും തമ്മിലുള്ള ഭിന്നത പരസ്യമാണ്. സാധാരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിയാലോചിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവർണർമാരെ നിയമിക്കുന്നത്. ഈ ചർച്ച നിർബന്ധമായ കാര്യമല്ല. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സുഗമമായ നടത്തിപ്പിന് ഇത് അത്യാവശ്യമാണ്. എന്നാൽ ധൻകറെ ഗവർണറായി തീരുമാനിച്ച ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ഇക്കാര്യം അറിയിച്ചത്. മമത തന്റെ നീരസം തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ അന്നു തൊട്ടു തുടങ്ങിയതാണ് പ്രശ്നം.
മുഖ്താർ അബ്ബാസിയെ ഗവർണറായി നിയമിക്കുന്നതിനു മുമ്പ് അമിത് ഷാ മമതയെ വിളിക്കുമോ എന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്. വാജ്പേയി സർക്കാരിൽ മമതക്കൊപ്പമുണ്ടായിരുന്നു നഖ്‍വിയും. മമതയെ തുറന്നെതിർക്കുന്ന ധൻകറിന്റെ സമീപനങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും നഖ്‍വിയുടെതെന്നും വിലയിരുത്തലുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.