ബി.ജെ.പി വിട്ട് 24 എം.എൽ.എമാർ തൃണമൂലിലെത്തും -മുകുൾ റോയ്
text_fieldsെകാൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പിയിലെ കൂടുതൽ എം.എൽ.എമാർ തൃണമൂൽ കോൺഗ്രസിലെത്തുമെന്ന് മുതിർന്ന നേതാവ് മുകുൾ റോയ്. 24ഓളം ബി.ജെ.പി എം.എൽ.എമാർ തൃണമൂലിൽ ചേരാൻ സന്നദ്ധത അറിയിച്ചതായാണ് തൃണമൂൽ നേതാവിന്‍റെ വാദം.
ബി.ജെ.പി വിട്ട് കാളിയാഗഞ്ച് എം.എൽ.എ സൗമൻ റോയ് തൃണമൂലിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് മുകുൾ റോയ്യുടെ പ്രസ്താവന. ഇത് ബി.ജെ.പിക്കുള്ളിൽ പൊട്ടിത്തെറിക്ക് കാരണമായതായാണ് വിവരം.
'മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ 24 എം.എൽ.എമാർ സന്നദ്ധത അറിയിച്ചു. കൂടുതൽ പേർ തൃണമൂലിലെത്തും. പാർട്ടിയിൽ ചേരാനെത്തുന്നവരുടെ വലിയ നിര കാണാനാകും' -മുകുൾ റോയ് പറഞ്ഞു.
ബി.ജെ.പി എം.എൽ.എമായ മുകുൾ റോയ്യും മകൻ സുഭ്രാൻശുവും ജൂണിൽ തൃണമൂലിലേക്ക് തിരികെയെത്തുകയായിരുന്നു. 2017ലാണ് മുകുൾ റോയ് തൃണമൂൽ വിട്ട് ബി.ജെ.പിലെത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ മുകുൾ റോയ് മമതക്കൊപ്പം തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു മുകുൾ റോയ്യുടെ മടക്കം.
അടുത്തിടെ നാല് ബി.ജെ.പി എം.എൽ.എമാരാണ് തൃണമൂലിലെത്തിയത്. മുകുൾ റോയ്യെയും സൗമൻ റോയ്യെയും കൂടാതെ ബിസ്വജിത് ദാസ്, തൻമോയ് ഘോഷ് എന്നിവരാണ് തൃണമൂലിൽ എത്തിയവർ. മുകുൾ റോയ്യോട് അടുപ്പമുള്ളവരാണ് തൃണമൂലിൽ തിരിച്ചെത്തിയവരെല്ലാവരും.
എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്കിൽ ഞെട്ടലുണ്ടെങ്കിലും മുകുൾ റോയ് വൈരുദ്ധ്യങ്ങൾ പ്രസ്താവിക്കുന്നതിൽ കുപ്രസിദ്ധനാണെന്നായിരുന്നു ബി.ജെ.പി നേതാവ് രിതേഷ് തിവാരിയുടെ പ്രതികരണം. 'മുകുൾ റോയ് രാവിലെ എന്താണോ പറയുന്നത്, അതിന്‍റെ നേർവിപരീതമായിരിക്കും വൈകിട്ട് പറയുക. മുകുൾ റോയ് ബി.ജെ.പിയിലേക്ക് കൂറുമാറി. ശേഷം കൃഷ്ണനഗറിൽ തെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പി ജയിക്കുമെന്ന് പറഞ്ഞു. അതിനാൽ അദ്ദേഹം പറയുന്നത് കാര്യമായെടുക്കാറില്ല' -തിവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.