വീണ്ടും മുലായം-അഖിലേഷ് ചര്‍ച്ച; ഒത്തുതീര്‍പ്പായില്ല
text_fieldsന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയില്‍ ഒത്തുതീര്‍പ്പ് പ്രതീക്ഷ നല്‍കി വീണ്ടും മുലായം - അഖിലേഷ് ചര്‍ച്ച. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതിനിടെ, ലഖ്നോവില്‍ ഇരുവരും മാത്രമായി ഒന്നര മണിക്കൂറിലേറെ സംസാരിച്ചിട്ടും ധാരണ രൂപപ്പെട്ടില്ളെന്നാണ് സൂചന. അതിനിടെ, സമാജ്വാദി പാര്‍ട്ടി ചിഹ്നം സൈക്കിള്‍ സംബന്ധിച്ച തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വെള്ളിയാഴ്ച ഇരുപക്ഷത്തിന്‍െറയും വാദം കേള്‍ക്കും.
തിങ്കളാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കണ്ട മുലായവും അഖിലേഷ് പക്ഷവും ചിഹ്നത്തിന് അവകാശവാദം ആവര്‍ത്തിച്ചിരുന്നു. ഇതോടെ സമാജ്വാദി പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉറപ്പായെന്ന ഘട്ടത്തിലാണ് മുലായം തിങ്കളാഴ്ച രാത്രി ചുവടുമാറ്റിയതോടെ അഖിലേഷ് - മുലായം ചര്‍ച്ചക്ക് വഴിയൊരുങ്ങിയത്. മകന്‍ അഖിലേഷുമായി പ്രശ്നമൊന്നുമില്ളെന്നും അഖിലേഷ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ഒന്നിച്ച് പ്രചാരണം നടത്തുമെന്നും മുലായം പറഞ്ഞതിന് പിന്നാലെ അഖിലേഷ് മുലായത്തെ വന്നുകാണുകയായിരുന്നു.
പാര്‍ട്ടിയിലെ കലഹം മുറുകിയതിനുശേഷം മുലായവും അഖിലേഷും മാത്രമായി നടക്കുന്ന രണ്ടാമത്തെ ചര്‍ച്ചയാണിത്. ജനുവരി മൂന്നിന് ഇരുവരും മൂന്നു മണിക്കൂറോളം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. നേതാക്കളും അണികളും കൂടെയില്ളെന്ന് ബോധ്യമായതോടെ മുലായം അയയുന്നുവെന്നാണ് പുതിയ സംഭവവികാസം വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ അധ്യക്ഷ പദവി തിരികെ വേണമെന്ന ആവശ്യമാണ് മുലായം മകന് മുന്നില്‍ പ്രധാനമായി ഉന്നയിച്ചതെന്നാണ് സൂചന.
ജനുവരി ഒന്നിന് നടന്ന അടിയന്തര ജനറല്‍ ബോഡി യോഗത്തില്‍ മുലായത്തെ മാറ്റി അഖിലേഷ് അധ്യക്ഷപദം ഏറ്റെടുത്തിരുന്നു. പകരം മുലായത്തെ പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശകനായി ഉയര്‍ത്തി. യു.പി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്ന നാലു മാസം വരെ അധ്യക്ഷപദവി വിട്ടുനല്‍കാനില്ളെന്നാണ് അഖിലേഷിന്‍െറ നിലപാട്. രാജ്യസഭാംഗം അമര്‍ സിങ്ങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതും മുലായത്തിന്‍െറ സഹോദരന്‍ ശിവപാല്‍ യാദവിനെ യു.പി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മറ്റിയതുമായ തീരുമാനം തിരുത്തണമെന്ന മുലായത്തിന്‍െറ ആവശ്യവും അഖിലേഷ് അംഗീകരിച്ചിട്ടില്ല.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുലായം കുടുംബാംഗവുമായ രാജ്യസഭാംഗം രാം ഗോപാല്‍ യാദവാണ് അഖിലേഷ് പക്ഷത്ത് തന്ത്രങ്ങള്‍ മെനയുന്നത്. രാം ഗോപാല്‍ യാദവിനെ അകറ്റി അഖിലേഷിനെ ചേര്‍ത്തുനിര്‍ത്താനുള്ള തന്ത്രമാണ് മുലായം ക്യാമ്പ് നടത്തുന്നത്. രാം ഗോപാല്‍ യാദവിനെ രാജ്യസഭയിലെ സമാജ്വാദി പാര്‍ട്ടി പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് മാറ്റാന്‍ കത്ത് നല്‍കിയ മുലായം പിന്നാലെ അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിച്ച് രംഗത്തുവന്നത് അഖിലേഷ് ക്യാമ്പില്‍ വിള്ളല്‍ സൃഷ്ടിക്കാനാണ്.
എന്നാല്‍, പാര്‍ട്ടിയില്‍ ഭൂരിപക്ഷം ഉറപ്പാക്കിയ സാഹചര്യത്തില്‍ ചിഹ്നം തങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന അഖിലേഷ് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ്. തര്‍ക്കത്തിന് പെട്ടെന്ന് തീര്‍പ്പ് കല്‍പിക്കാനാകാത്ത സാഹചര്യത്തില്‍ ചിഹ്നം മരവിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചാല്‍ ഇരുപക്ഷത്തിനും തിരിച്ചടിയാണ്. അങ്ങനെ വന്നാല്‍ പിതാവിനും പുത്രനുമിടയില്‍ ഒത്തുതീര്‍പ്പ് രൂപപ്പെട്ടേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.