മുലായം ബി.ജെ.പിക്കൊപ്പം; മകൻ പ്രതിപക്ഷത്ത്
text_fieldsലഖ്നോ: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സമാജ്വാദി പാർട്ടിയിൽ കടുത്ത ഭിന്നത. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുലായം സിങ് യാദവും മകൻ അഖിലേഷ് യാദവും തമ്മിലെ അഭിപ്രായ വ്യത്യാസമാണ് പാർട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കിയത്.
പ്രതിപക്ഷ സ്ഥാനാർഥി മീര കുമാറിന് വോട്ടുചെയ്യണമെന്നാണ് അഖിലേഷ് പാർട്ടി എം.എൽ.എമാർക്ക് നിർദേശം നൽകിയത്. എന്നാൽ, മുലായം ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് അനുകൂലമാണ്. ഇൗ സാഹചര്യത്തിൽ സമാജ്വാദി പാർട്ടി എം.എൽ.എമാരുടെയും എം.പിമാരുടെയും വോട്ട് ഇരുപക്ഷത്തിനും ലഭിക്കുമെന്നാണ് സൂചന.
തുടക്കംമുതൽ മുലായം ബി.ജെ.പി അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ബി.ജെ.പി രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ജൂൺ 20ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹുമാനാർഥം നടത്തിയ അത്താഴ വിരുന്നിൽ മുലായം പെങ്കടുത്തിരുന്നു. അതേസമയം, അഖിലേഷും മായാവതിയും വിട്ടുനിന്നു. രാംനാഥ് കോവിന്ദിനെ മുലായം പരസ്യമായി പിന്തുണക്കുകയും ചെയ്തു. അദ്ദേഹം ശക്തനായ സ്ഥാനാർഥിയാണെന്ന് അഭിപ്രായപ്പെട്ട മുലായം, തങ്ങൾ തമ്മിൽ ദീർഘകാല ബന്ധമുണ്ടെന്നും പറഞ്ഞു.
സമാജ്വാദി പാർട്ടിയിലെ മറ്റൊരു പ്രമുഖനായ ശിവ്പാൽ, മുലായം എന്തു തീരുമാനിച്ചാലും അതിനൊപ്പം നിൽക്കുമെന്ന നിലപാടിലാണ്. വെള്ളിയാഴ്ച സംസ്ഥാനത്തെത്തിയ പ്രതിപക്ഷ സ്ഥാനാർഥി മീര കുമാർ, മായാവതിയെ കാണുന്നതിനു മുമ്പ് അഖിലേഷിനെ കണ്ട് പിന്തുണ തേടിയിരുന്നു. സമാജ്വാദി പാർട്ടിക്ക് ലോക്സഭയിൽ മുലായം സിങ് ഉൾപ്പെടെ അഞ്ചും രാജ്യസഭയിൽ അമർസിങ് ഉൾപ്പെടെ പത്തൊമ്പതും അംഗങ്ങളാണുള്ളത്. അമർ സിങ്ങിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. 47 എം.എൽ.എമാരാണുള്ളത്. ലജിസ്ലേറ്റിവ് കൗൺസിൽ അംഗങ്ങൾക്ക് വോട്ടില്ലാത്തതിനാൽ അഖിലേഷിന് തെരഞ്ഞെടുപ്പിൽ പെങ്കടുക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.