ഗോദയിൽ നിന്ന് ഇറങ്ങിവന്ന് ജനനേതാവായി മാറിയ 'ഫയൽവാൻ'
text_fieldsമെയിൻപുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയിൽ വെച്ച് പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായ നത്തു സിങ് ആണ് മുലായ സിങ് എന്ന പുതിയ രാഷ്ട്രീയക്കാരനെ കണ്ടെത്തുന്നത്. ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ 'ഫയൽവാന്' ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് നത്തു സിങ് തിരിച്ചറിയുകയായിരുന്നു. ചെറുപ്പം മുതൽ ഗുസ്തി മത്സരങ്ങളിൽ സജീവമായിരുന്ന മുലായം സിങ് രാഷ്ട്രീയ ഗോദയിലെ പയറ്റ് തുടങ്ങുന്നത് അങ്ങിനെയാണ്. മുലായത്തിന്റെ ആദ്യ രാഷ്ട്രീയ ഗുരുവായി നത്തു സിങ് മാറി.
രാഷ്ട്രീയം മുലായം സിങിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് പിന്നീട് കണ്ടത്. അരനൂറ്റാണ്ട് ജനപ്രതിനിധിയും അതിനിടെ മന്ത്രിയും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെയായി അദ്ദേഹം.
കഥയും കഥാപാത്രങ്ങളും അനുനിമിഷം മാറിമറിയുന്ന രാഷ്ട്രീയ നാടകത്തിലെ ചടുല നീക്കങ്ങൾക്ക് നാട്ടിൻപുറത്തെ സ്കൂളിൽനിന്ന് പഠിച്ച ഗുസ്തിയുടെ പാഠങ്ങൾ ഈ യാദവ നേതാവിനെ എന്നും സഹായിച്ചിരുന്നു. രാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി സജീവ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ വളർച്ച വളരെ വേഗമായിരുന്നു. പിന്നാക്ക വിഭാഗക്കാരുടെ ശക്തമായ പിന്തുണയും കർഷക നേതാവെന്ന പ്രതിഛായയും അതിവേഗം ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ നെറുകയിലെത്താൻ മുലായമിനെ സഹായിച്ചു.
രാം മനോഹർ ലോഹ്യയുടെ അനുചരന്മാർ ചരൺസിങിന്റെ ലോക്ദൾ വഴി ജനതയിലെത്തിയപ്പോൾ, 1977ൽ രാം നരേഷ് യാദവ് മന്ത്രിസഭയിൽ മുലായം രണ്ടാമനായി. അപ്പോഴാണ് യു.പി രാഷ്ട്രീയത്തിൽ ഒന്നാമനാകുന്നതെങ്ങിനെയെന്ന സമവാക്യം മുലായം കണ്ടെത്തിയത്. പിന്നാക്ക ജാതി വോട്ടുകൾ, കർഷക വോട്ടുകൾ, ന്യൂനപക്ഷ മുസ്‍ലിം വോട്ടുകൾ എന്നിവ കൂടെ നിർത്താനുള്ള ഫോർമുല രൂപപ്പെടുത്തിയതോടെ യു.പി ഭരിക്കുന്ന രാഷ്ട്രീയക്കാരനായി അദ്ദേഹം മാറി.
ലോക്ദളിലും ഭാരതീയ ലോക്ദളിലും ചരൺ സിങ് രൂപവത്കരിച്ച ദലിത് മസ്‌ദൂർ കിസാൻ പാർട്ടിയിലും ജനതാദളിലുമൊക്കെ എത്തിയപ്പോഴും അതിന് മാറ്റമുണ്ടായുമില്ല. ചരൺ സിങ്, രാം നേരേഷ് യാദവ്, വി.പി. സിങ്, ചന്ദ്രശേഖർ തുടങ്ങിയവർ പലപ്പോഴായി മുലായമിന്റെ നേതാക്കളായി വന്നെങ്കിലും ആർക്കും ചിരപ്രതിഷ്ഠ നൽകിയുമില്ല. ഓരോ ഘട്ടം വരുമ്പോഴും ഗുസ്തിക്കാരന്റെ മെയ്‍വഴക്കത്തോടെ ഓരോരുത്തരെയായി ഒഴിവാക്കി. അങ്ങിനെ എല്ലാക്കാലത്തും വിവാദങ്ങൾ നിറഞ്ഞതായിരുന്നു മുലായമിന്റെ രാഷ്ട്രീയ ജീവിതം.
കൊള്ളക്കാരുമായി മുലായമിന് സൗഹൃദമുണ്ടെന്ന ആരോപണം യു.പിയെ ഇളക്കിമറിച്ചതാണ്. പക്ഷേ, ദരിദ്ര പിന്നാക്ക വിഭാഗങ്ങളുടെ രക്ഷകനെന്ന പരിവേഷവും മതേതരനെന്ന പ്രതിഛായയും എല്ലാക്കാലത്തും മുലായമിനെ ജനപ്രീതിയുള്ള നേതാവായി നിലനിർത്തി. ഒരിക്കൽ ശത്രുവായിരുന്ന വി.പി. സിങിന്റെ അടുത്തയാളായി മുലായം മാറുന്നതും പിന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് ചന്ദ്രശേഖറിനൊപ്പം ചേരുന്നതും ഒരുകാലത്ത് ഒപ്പമുണ്ടായിരുന്ന മായാവതി ബദ്ധശത്രുവാകുന്നതുമൊക്കെ രാഷ്ട്രീയ നാടകത്തിലെ രംഗങ്ങളായി. ദേവേഗൗഡ, ഗുജ്റാൾ എന്നിവർക്കൊപ്പം പ്രധാനമന്ത്രി പദത്തിലേക്കു വരെ മുലായമിന്റെ പേര് ഉയർന്നുവന്നു. അന്ന് താൻ പ്രധാനമന്ത്രിയാകുന്നതിനെ എതിർത്തത് ലാലു പ്രസാദ് യാദവാണെന്ന് പരസ്യമായി പറഞ്ഞ് മുലായം രംഗത്തെത്തിയിരുന്നു. പിന്നീട് ഇതേ ലാലുവുമായി ചേർന്ന് ലോക് താന്ത്രിക് മോർച്ചക്കും രൂപം നൽകി.
മകൻ അഖിലേഷ് യാദവിനെ മുഖ്യമന്ത്രി പദവിയിലും മറ്റ് കുടുംബാംഗങ്ങളെ അധികാരകേന്ദ്രത്തിലെ പ്രധാന സ്ഥാനങ്ങളിലും അവരോധിച്ചതിന്റെ പേരിൽ രാഷ്ട്രീയ തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ട് മുലായം സിങ് യാദവിന്. താൻ തന്നെ ഉയർത്തിക്കൊണ്ടുവന്ന മകൻ അഖിലേഷുമായി പരസ്യമായി ഏറ്റുമുട്ടി ഏറെനാൾ വാർത്തകളിൽ നിറഞ്ഞുനിന്ന മുലായം രാഷ്ട്രീയ വിദ്യാർഥികളിൽ എന്നും കൗതുകം നിറച്ച നേതാവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.