മുല്ലപ്പെരിയാർ: 152 അടിയാക്കണമെന്ന് തമിഴ്നാട് നിയമസഭയിൽ ആവശ്യം
text_fieldsചെന്നൈ: മുല്ലപ്പെരിയാർ ഡാമിന്‍റെ ഉയരം 152 അടിയായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് പ്രതിപക്ഷ ഉപനേതാവ് ഒ. പന്നീർശെൽവം. തിങ്കളാഴ്ച തമിഴ്നാട് നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. മുല്ലപ്പെരിയാർ ഡാമിൽ കേരള സർക്കാർ സ്വന്തം നിലയിൽ പരിശോധനകളും മറ്റു പ്രവൃത്തികളും നടത്തുന്നുണ്ടെന്നും ബേബി ഡാം ബലപ്പെടുത്തുന്നത് ഉൾപ്പെടെ വിഷയങ്ങളിൽ കേരളം പിടിവാശി തുടരുകയാണെന്നും ഇക്കാര്യത്തിൽ തമിഴ്നാടിന് പൂർണ അധികാരമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. മറ്റു കക്ഷി നേതാക്കളും ഇതിനെ പിന്തുണച്ചു. കേന്ദ്രം നടപ്പാക്കാനിരിക്കുന്ന ഡാം സംരക്ഷണ നിയമത്തിന്‍റെ പരിധിയിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഉൾപ്പെടുമെന്നും എന്നാൽ നിയമം നടപ്പാക്കാൻ ഇനിയും ഒരു വർഷമെങ്കിലുമാവുമെന്നും ജലവിഭവ മന്ത്രി എസ്. ദുരൈമുരുകൻ അറിയിച്ചു. പുതിയ ചട്ടത്തിൽ ഡാമിന്‍റെ അറ്റകുറ്റപ്പണികളും മറ്റു സുരക്ഷ നടപടികളും സ്വീകരിക്കുന്നതിനുള്ള ചുമതല തമിഴ്നാടിനാണെന്നും സംസ്ഥാന താൽപര്യം പൂർണമായും സംരക്ഷിക്കപ്പെടുമെന്നും ഇക്കാര്യത്തിൽ അടുത്തഘട്ട നടപടികളെക്കുറിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.