മുല്ലപ്പെരിയാർ ജലനിരപ്പും പ്രളയത്തിന് കാരണം –കേരളം
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയില്‍ നിര്‍ത്തണമെന്ന കേരളത്തിെൻറ ആവശ്യം തമിഴ്നാട് അംഗീകരിക്കാതിരുന്നത് പ്രളയത്തിന് വഴിവെച്ചുവെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ജലനിരപ്പ് 136 അടിയിലെത്തിയപ്പോൾ അൽപാൽപമായി വെള്ളം തുറന്നുവിട്ടിരുന്നെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കാൻ ഒരു ദിവസംകൂടി കിട്ടുമായിരുന്നുവെന്നും അണക്കെട്ടിെൻറ മുഴുവന്‍ ഷട്ടറുകളും പെട്ടെന്ന് തുറന്നത് പ്രളയത്തിന് കാരണമായെന്നും സുപ്രീംകോടതി നിർദേശിച്ചതിെൻറ അടിസ്ഥാനത്തിൽ കേരള ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുമെന്ന ധാരണയിൽ സര്‍ക്കാര്‍ അതിജാഗ്രതയിലായിരുന്നു. ഇൗ മാസം 14ന് പുലര്‍ച്ചെ നാലുമണിക്ക് 136 അടിയിലെത്തിയ ജലനിരപ്പ് ഉച്ചക്ക് രണ്ട് മണിയായപ്പോഴേക്കും 137 അടിയിലെത്തി. അണക്കെട്ടിെൻറ താഴ്ഭാഗങ്ങളിലുള്ളവരെ യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിച്ചത് അേപ്പാഴാണ്.
അണക്കെട്ട് കുറഞ്ഞ തോതിൽ തുറന്നുവിടാന്‍ തമിഴ്നാട് ജലവിഭവ സെക്രട്ടറിയോടും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ചെയര്‍മാനോടും കേരളത്തിെൻറ ജലവിഭവ സെക്രട്ടറി ആവശ്യപ്പെട്ടുവെങ്കിലും തമിഴ്നാട് അനുകൂലമായി പ്രതികരിച്ചില്ല. പൂര്‍ണ സംഭരണ ശേഷിവരെ തമിഴ്നാട് കാത്തുനില്‍ക്കരുതെന്ന് ആവർത്തിച്ച് കേരളം നൽകിയ മുന്നറിയിപ്പും നന്നെ ചുരുങ്ങിയത് ജലനിരപ്പ് 139 അടിയിലെങ്കിലും നിലനിര്‍ത്തണമെന്ന ആവശ്യവും തമിഴ്നാട് തള്ളി.
ജനങ്ങളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ക്ക് സമയം ലഭിക്കുമെന്ന നിലക്കായിരുന്നു ആവർത്തിച്ച് ഇൗ ആവശ്യമുന്നയിച്ചത്. ഇടുക്കി ജില്ല ഭരണകൂടം താഴെയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ അതിവേഗം ഒഴിപ്പിക്കുന്നതിനിടയിലാണ് ഇൗ മാസം 15ന് പുലര്‍ച്ചെ 2.40ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിെൻറ 13 ഷട്ടറുകളും പെട്ടെന്ന് തുറന്നുവിട്ടത്.
ഇതോടെ, മുല്ലപ്പെരിയാറിന് താഴെയുള്ള ഇടുക്കി അണക്കെട്ട് കേരളത്തിനും തുറന്നുവിടേണ്ടിവന്നു. പ്രളയത്തിന് ഇതും കാരണമായി. മേല്‍നോട്ട സമിതിയുടെ ഘടനയിലും കേരളം മാറ്റം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് തമിഴ്നാട് തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ദുരന്തനിവാരണ പദ്ധതി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസ്സല്‍ ജോയി നല്കിയ ഹരജിയിലാണ് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. കേസ് സുപ്രീംകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ജലനിരപ്പ് ഉയർത്തണമെന്ന തമിഴ്നാടിൻെറ ആവശ്യം തള്ളി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്നാടിെൻറ ആവശ്യം മേല്‍നോട്ട സമിതി തള്ളി. നിലവിലുള്ള 139.9 അടി ജലനിരപ്പ് നിലനിര്‍ത്തണമെന്നാണ് മേല്‍നോട്ട സമിതിയുടെ വാക്കാലുള്ള നിർദേശം. അണക്കെട്ടില്‍നിന്ന് തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന കേരളത്തിെൻറ ആവശ്യം തമിഴ്നാട് അംഗീകരിച്ചിരുന്നില്ല. പരമാവധി വെള്ളമെടുക്കുന്നുണ്ടെന്നും ഇതിലേറെ സാധിക്കില്ലെന്നുമാണ് അവര്‍ സുപ്രീംകോടതിയെ അറിയിച്ചത്. അതിനിടയിലാണ് വീണ്ടും ജലനിരപ്പ് 142 ആക്കാൻ ശ്രമം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.