സാമൂഹിക അകലം, കനത്ത സുരക്ഷ; സ്വാതന്ത്ര്യദിനാഘോഷത്തിന് ചെങ്കോട്ട ഒരുങ്ങി
text_fieldsന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെ കടുത്ത നിബന്ധനയും കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി 74ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് ചെങ്കോട്ട ഒരുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടക്ക് ചുറ്റും എൻ.എസ്.ജി സ്‌നൈപ്പർമാർ, കമാൻഡോകൾ എന്നിവർ സുരക്ഷാ വലയം തീർക്കും.
ഇവിടെ മുന്നൂറിലധികം കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ദൃശ്യങ്ങൾ മുഴുവൻ സമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. നാലായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ചെങ്കോട്ടയിലും പരിസരത്തും വിന്യസിച്ചത്. തലസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രാക്കുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിൽ രാവിലെ 6.45 മുതൽ 8.45 വരെ ചെങ്കോട്ടക്ക് സമീപമുള്ള പ്രത്യേക ട്രാക്കുകളിൽ ട്രെയിൻ ഗതാഗതം അനുവദിക്കില്ലെന്നും പൊലീസ് വക്താവ് ഹരേന്ദ്ര കുമാർ സിങ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ സ്വാതന്ത്ര്യദിനാഘോഷത്തിെൻറ പൂർണ്ണ തോതിലുള്ള റിഹേഴ്സൽ ചെങ്കോട്ടയിൽ നടന്നു. കരസേന, നാവികസേന, വ്യോമസേന അംഗങ്ങൾ അണിനിരന്നു. ആഘോഷത്തിന് മുന്നോടിയായി ചെങ്കോട്ടയിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനം നിരോധിച്ചു.
നഗരത്തിലുടനീളം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും. നേതാജി സുഭാഷ് മാർഗ്, ലോത്തിയൻ റോഡ്, എസ്പി മുഖർജി മാർഗ്, ചാന്ദ്‌നി ചൗക്ക് റോഡ്, നിഷാദ് രാജ് മാർഗ്, എസ്‌പ്ലാനേഡ് റോഡും നേതാജി സുഭാഷ് മാർഗ് വരെയുള്ള ലിങ്ക് റോഡും, രാജ്ഘട്ട് മുതൽ ഐഎസ്‌ബിടി വതെയുള്ള റിംഗ് റോഡ്, ഐഎസ്‌ബിടി മുതൽ ഐപി ഫ്ലൈഓവർ വരെ ഔട്ടർ റിംഗ് റോഡ് എന്നിവ ശനിയാഴ്ച പുലർച്ചെ 4 മുതൽ രാവിലെ 10 വരെ അടച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.