ബി.ജെ.പി സർക്കാറുകളുടെ ഒന്നിലധികം യൂനിഫോം സിവിൽ കോഡുകൾ ഭരണഘടനയുടെ യു.സി.സി ആശയത്തിന് വിരുദ്ധം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡ് സർക്കാർ ഏർപ്പെടുത്തിയ ഏകീകൃത സിവിൽ കോഡും ഗുജറാത്ത് നിർദേശിച്ച ഏകീകൃത സിവിൽകോഡും ഭരണഘടനയുടെ ആശയത്തിന് വിരുദ്ധമാണെന്ന് കോൺഗ്രസ് രാജ്യസഭാ എം.പി ജയറാം രമേശ്.
‘ഉത്തരാഖണ്ഡ് യൂനിഫോം സിവിൽ കോഡ് വളരെ മോശമായി രൂപപ്പെടുത്തിയ നിയമനിർമാണമാണ്. അത് അങ്ങേയറ്റത്തെ കടന്നുകയറ്റവുമാണ്. കുടുംബ നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദശകത്തിൽ പ്രകടിപ്പിച്ച യഥാർത്ഥ ആശങ്കകളെ അഭിസംബോധന ചെയ്യുന്ന യാതൊന്നും ഇല്ലാത്തതിനാൽ ഇത് നിയമ പരിഷ്കരണത്തിനുള്ള ഒരു ഉപകരണമല്ല. ബി.ജെ.പിയുടെ വിഭജന അജണ്ടയുടെ അവിഭാജ്യ ഘടകമായി ഇത് നിർബന്ധിതമായി അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നു’ -രമേശ് ‘എക്സിൽ’ കുറിച്ചു.
രാജ്യത്തെ സ്ഥിരമായ ധ്രുവീകരണ അവസ്ഥയിൽ നിർത്താൻ രൂപകൽപന ചെയ്ത ഒരു രാഷ്ട്രീയ ഉപകരണമാക്കി യു.സി.സിയെ മാറ്റാനാവില്ലെന്നും രമേശ് പറഞ്ഞു. ജനുവരി 27ന് യു.സി.സി നടപ്പിലാക്കുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.
ലിവിങ് ബന്ധങ്ങളെ നിയന്ത്രിക്കുന്നതും, ലിവിങ് ദമ്പതികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതും, പ്രസ്തുത വ്യക്തികൾ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ അതിന് യോഗ്യരാണെന്ന് തെളിയിക്കാൻ ഒരു മതനേതാവിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങുന്നതുമടക്കം നിരവധി വിവാദ വകുപ്പുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡിനു പിന്നാലെ ചൊവ്വാഴ്ച ഗുജറാത്തിലെ ബി.ജെ.പി സർക്കാർ യു.സി.സി ബിൽ തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് യു.സി.സി നിയമങ്ങൾ തയ്യാറാക്കിയ സമിതിയുടെ തലവനും വിരമിച്ച സുപ്രീംകോടതി ജഡ്ജിയുമായ രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
മുൻ ഐ.എ.എസുകാരനായ സി.എൽ മീണ, അഡ്വക്കേറ്റ് ആർ.സി.കോഡേക്കർ, വിദ്യാഭ്യാസ വിചക്ഷണൻ ദക്ഷേഷ് താക്കർ, സാമൂഹിക പ്രവർത്തക ഗീതാബെൻ ഷ്രോഫ് എന്നിവരാണ് ഈ സമിതിയിലെ മറ്റ് അംഗങ്ങൾ.
‘ഭരണഘടനാ അസംബ്ലി, ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 44 അംഗീകരിക്കുമ്പോൾതന്നെ, സംസ്ഥാന നിയമസഭകളിൽ ഒറ്റയടിക്ക് പാസാക്കുന്ന യൂനിഫോം സിവിൽ കോഡുകളെ വലിയ തോതിൽ വിഭാവനം ചെയ്തിട്ടിലായിരുന്നു. ഒന്നിലധികം യൂനിഫോം സിവിൽ കോഡുകൾ ആർട്ടിക്കിൾ 44 പറയുന്നതനുസരിച്ചുള്ള ‘ഇന്ത്യയിലുടനീളം ഒരു ഏകീകൃത സിവിൽ കോഡ്’ എന്ന ആശയത്തിന് എതിരാണ്. ആർട്ടിക്കിൾ 44 വിഭാവനം ചെയ്യുന്ന ഒരു ഏകീകൃത സിവിൽ കോഡ് വ്യാപകമായ സംവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം യഥാർത്ഥ സമവായം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലൂടെ മാത്രമേ ഉരുത്തിരിയുകയുള്ളൂവെന്നും രമേശ് കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.