പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴംഗ കൊള്ളസംഘം പിടിയിൽ
text_fieldsമുബൈ: പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ ഏഴംഗ കൊള്ളസംഘത്തെ മുംബൈ ഡോംബിവ്‌ലി പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ 16 വയസുള്ള രണ്ട് പേരെ 22 മൊബൈൽ ഫോണുകളും 10 സൈക്കിളുകളും മോഷ്ടിച്ചതിന് ഓഗസ്റ്റ് 21ന് കസ്റ്റഡിയിലെടുത്തിരുന്നു. ഭിവണ്ടി ചിൽഡ്രൻസ് ഒബ്സർവേഷൻ ഹോമിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ഇവർ പ്രാദേശിക ക്രിമിനലുകളുമായി ചേർന്ന് ഒരു സംഘം രൂപീകരിക്കുകയായിരുന്നു.
സാഗർ ശർമ്മ, ജെയിംസ് സൂസ്, സത്യകുമാർ കനോജിയ, സച്ചിൻ രാജ്ഭർ, സോനു കനോജിയ എന്നിവരാണ് പിടിയിലായ മറ്റ് അഞ്ച് പേർ. താക്കുർളിയിലെ 90 അടി റോഡിൽ രാത്രികാലങ്ങളിൽ കാൽനടയാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തെക്കുറിച്ച് ഡോംബിവ്‌ലി പൊലീസിൽ പരാതി ലഭിച്ചിരുന്നു. പ്രതികൾ സാധാരണയായി താക്കുർളി റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു വീട്ടിൽ കണ്ടുമുട്ടുകയും പിന്നീട് ആളുകളെ കൊള്ളയടിക്കാൻ രാത്രിയിൽ ഇറങ്ങുകയും ചെയ്യാറുണ്ടെന്ന് പൊലീസ് മനസിലാക്കി.
ഇതോടെ സീനിയർ ഇൻസ്‌പെക്ടർ ശശികാന്ത് സാന്ദ്‌ബോർ, അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ യോഗേഷ് സനപ്പ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തുടർന്ന്, ആഗസ്റ്റ് 29ന് ഏഴ് പേരെയും പൊലീസ് പിടികൂടി. കത്തികളും സ്ക്രൂഡ്രൈവറുകളും ഉൾപ്പെടെ ഇവരിൽ നിന്ന് കണ്ടെടുത്തു.
പ്രായപൂർത്തിയാകാത്തവരിൽ ഒരാൾക്ക് പ്രദേശത്ത് ഒരു പെൺ സുഹൃത്തുണ്ട്. അവരെ കാണാൻ പോകുന്നതിനിടെയാണ് അഞ്ചംഗ സംഘവുമായി സ്ഥിരമായി കണ്ടുമുട്ടാൻ തുടങ്ങിയത്. പിടിയിലായ കുട്ടികളെ വീണ്ടും ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചതായും പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 399, 402, ആയുധ നിയമം എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.