ബുള്ളറ്റ് ട്രെയിൻ: സൗജന്യമെന്ന മോദിയുടെ വാദം തെറ്റ്
text_fieldsമുംബൈ: 1.1 ലക്ഷം കോടി ചെലവിൽ മുംബൈ- അഹ്മദാബാദ് റൂട്ടിൽ പദ്ധതിയിട്ട ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 80 ശതമാനം തുകയും ‘സൗജന്യ നിരക്കി’ൽ (0.1 ശതമാനം മാത്രം) വായ്പ നൽകാനുള്ള ജപ്പാെൻറ തീരുമാനം ഇന്ത്യക്കാണ് ഗുണം ചെയ്യുകയെന്ന പ്രധാനമന്ത്രി മോദിയുടെ വാദം ബാലിശമെന്ന് വിദഗ്ധർ. ജപ്പാൻ വാഗ്ദാനം ചെയ്ത 88,000 കോടി രൂപയുടെ തിരിച്ചടവ് 50 വർഷം കൊണ്ട് പൂർത്തിയാക്കിയാൽ മതിയെന്നും ആദ്യ 15 വർഷം മൊറേട്ടാറിയം അനുവദിച്ചിട്ടുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്.
ഇതു രണ്ടും ശരിയാണെങ്കിൽപോലും, തിരിച്ചുനൽകേണ്ട തുക ജപ്പാൻ കറൻസിയിലായതിനാൽ ഒാരോ വർഷവും ശരാശരി മൂന്നു ശതമാനം വിലയിടിയുന്ന ഇന്ത്യൻ കറൻസിക്കുമേൽ ഇത് വൻ ആഘാതം അടിച്ചേൽപിക്കുമെന്നതാണ് സത്യം. ജപ്പാൻ കറൻസിയായ യെൻ സമീപകാലത്തൊന്നും കാര്യമായ വിലയിടിവ് നേരിട്ടിട്ടില്ല. ഇതുപരിഗണിച്ചാൽ, 20 വർഷംകൊണ്ട് ജപ്പാൻ കറൻസിക്ക് രൂപയെക്കാൾ ശരാശരി 60 ശതമാനം നിരക്കു വർധിക്കും. അതോടെ ഇൗ സമയത്തിനകം അടച്ചുവീട്ടിയാൽപോലും ഇന്ത്യ ചുരുങ്ങിയത് 1,50,000 കോടി നൽകണം. 50 വർഷം കൊണ്ടാണ് വീട്ടുന്നതെങ്കിലോ തുക പിന്നെയും കുത്തനെ കൂടും. വായ്പ നേരത്തേ അടച്ചുവീട്ടാനുള്ള സാധ്യത വിരളമായതിനാൽ തലമുറകളോളം ഇതിെൻറ ബാധ്യത ഒാരോ ഇന്ത്യക്കാരെൻറയും തലയിൽ നിലനിൽക്കുമെന്നത് ബാക്കിപത്രം. പദ്ധതി മറ്റു റൂട്ടുകളിലേക്കു കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചാൽ വായ്പയുടെ തോതും ഉയരും.
ജപ്പാനുമായാണ് കരാറെന്നതിനാൽ നിർമാണത്തിെൻറ ഒാരോ ഘട്ടത്തിലും ആ രാജ്യത്തിെല കമ്പനികൾക്ക് ഗുണം ലഭിക്കുമെന്നത് മറ്റൊരു വസ്തുത. ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കമ്പനികളെ കൂടി പെങ്കടുപ്പിക്കാൻ മോദി- ഷിൻസോ ആബെ കൂടിക്കാഴ്ചയിൽ തീരുമാനമായത് ഗുണകരമാകും. അതേസമയം, പദ്ധതി നിർമാണം പൂർത്തിയായ ശേഷം വിജയകരമായി നടത്താനാകുമോ എന്നതാണ് പ്രധാന ചോദ്യം. വൻതുക ടിക്കറ്റ് നിരക്കിൽ എത്ര പേർ യാത്ര ചെയ്യാനുണ്ടാകുമെന്ന വിഷയം ഇതിനകം നിരവധി വിദഗ്ധർ ഉന്നയിച്ചുകഴിഞ്ഞു. 500 കിലോമീറ്റർ ദൂരത്തിൽ മാത്രം ഒരു ലക്ഷത്തിലേറെ കോടി നീക്കിവെക്കുകയും രാജ്യത്തെ മൊത്തം റെയിൽ പാതകൾക്ക് അത്രയും തുക ലഭിക്കാതിരിക്കുകയും ചെയ്യുന്നത് വികസനത്തിനായി തുക വിനിയോഗിക്കുന്നതിലെ അസമത്വം എത്ര കടുത്തതാണെന്ന ചോദ്യവും ഉയർത്തുന്നുണ്ട്. പദ്ധതിക്കെതിരെ കടുത്ത ഭാഷയിൽ കഴിഞ്ഞ ദിവസം ശിവസേന രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.