മുംബൈയിൽ ആളുമാറി 29കാരൻെറ മൃതദേഹം സംസ്കരിച്ചു
text_fieldsമുംബൈ: മുഹമ്മദ് ഫാറൂഖ് ഷെയ്ഖിൻെറ കുടുംബം ഏറ്റവും കൂടുതൽ ഭയന്ന കാര്യം തന്നെ സംഭവിച്ചു. ഒരാഴ്ച മുമ്പ് കാണാതായ 29കാരനായ ഫാറൂഖ് ഷെയ്ഖിൻെറ മൃതശരീരം ആളുമാറി മറ്റൊരു കുടുംബം സംസ്കരിച്ചു. വാഷിയിലെ നവി മുംബൈ മുനിസിപ്പൽ കോർപറേഷൻആശുപത്രിയിലാണ് സംഭവം.
പശ്ചിമ ബംഗാളിൽ നിന്നുള്ള ദിവസക്കൂലിക്കാരനായ ഷെയ്ഖ് മെയ് ഒമ്പതിനാണ് നെറൂലിലെ സ്വന്തം വീട്ടിൽ വെച്ച് മരിച്ചത്. നെറൂലിലെ ഡി.വൈ പാട്ടീൽ ആശുപത്രിയിെല ഡോക്ടർമാരാണ് മരണം സ്ഥിരീകരിച്ചത്. ശേഷം മൃതദേഹം എൻ.എം.എം.സി ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതം മൂലമാണ് ഷെയ്ഖ് മരിച്ചതെന്ന് എൻ.എം.എം.സി അധികൃതർ വ്യക്തമാക്കിയെങ്കിലും ന്യൂമോണിയ അനുഭവപ്പെട്ടിരുന്നതിനാൽ കോവിഡ് പരിശോധനക്ക് വിധേയമാക്കാൻ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.
പരിശോധന ഫലം നെഗറ്റീവാണെന്നറിഞ്ഞ ശേഷം ഷെയ്ഖിൻെറ സഹോദരൻ നസുദ്ധീൻ കഴിഞ്ഞ വ്യാഴാഴ്ച മോർച്ചറിയിലെത്തിയെങ്കിലും മൃതശരീരം കാണാനില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പിന്നാലെ ഷെയ്ഖിൻെറ മൃതദേഹം ഒരു ഹൈന്ദവ കുടുംബം തിരിച്ചറിഞ്ഞ് കൊണ്ടുപോയെന്നും ആചാരപ്രകാരം മറവുചെയ്തുവെന്നും അറിഞ്ഞു.
‘മോർച്ചറി ജീവനക്കാർ മൃതദേഹങ്ങൾ തെറ്റായി നമ്പർ ഇട്ടതാണോയെന്ന കാര്യം ഞങ്ങൾ അന്വേഷിക്കുകയാണ്. ആ കുടുംബം മൃതദേഹം തിരിച്ചറിയുകയും ഹൈന്ദവ ആചാരപ്രകാരം സംസ്കരിക്കുകയും ചെയ്തു’- എൻ.എം.എം.സി ഹെൽത്ത് ഓഫിസർ ബാലാസാഹേബ് സോനാവാനെ പറഞ്ഞു. മരിച്ച ഹൈന്ദവ കുടുംബാംഗത്തിൻെറ യഥാർഥ ശരീരം തിരിച്ചറിയാൻ ശ്രമം നടത്തുകയാണെന്നും മോർച്ചറിയിൽ സൂക്ഷിച്ച മറ്റ് 40 ശരീരങ്ങൾ ശരിയായ രീതിയിലാണോ നമ്പറിട്ടത് എന്ന കാര്യം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ഇരുകുടുംബംഗങ്ങളും പൊലീസിനെ സമീപിച്ചു. ഔദ്യോഗിക പരാതിയെന്നും ലഭിച്ചില്ലെങ്കിലും സംഭവത്തിൻെറ സത്യാവസ്ത അന്വേഷിക്കുകയാണെന്ന് വാഷി പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ സഞ്ജീവ് ധൂമൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.