രാജ്യത്തെ നടുക്കിയ സ്ഫോടനം
text_fieldsമുംബൈ: ലോകം കണ്ട ആദ്യത്തെ വലിയ സ്ഫോടന പരമ്പരയായിട്ടാണ് 1993 മാർച്ച് 12ലെ മുംബൈ സ്ഫോടന പരമ്പര വിശേഷിപ്പിക്കപ്പെടുന്നത്. ആർ.ഡി.എക്സ് ഉപയോഗിച്ച് ഉച്ചക്ക് 1.30നും 3.40നും ഇടയിൽ 12 സ്ഫോടനങ്ങളാണ് രാജ്യത്തെ നടുക്കിയത്. 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് പരിക്കേൽക്കുകയും 25 കോടിയുടെ നഷ്ടമുണ്ടാക്കുകയും ചെയ്ത സ്ഫോടനത്തിന് പിന്നിൽ പാകിസ്താൻ സഹായത്തോടെ മുംബൈ അധോലോകമാണെന്നാണ് കണ്ടെത്തൽ.
ദാവൂദ് ഇബ്രാഹിം, ടൈഗർ മേമൻ എന്നിവരാണ് പ്രധാന ഗൂഢാലോചകരെന്നാണ് കണ്ടെത്തൽ. ഇവരടക്കം 25ഒാളം പേർ ഇന്നും കേസിൽ പിടികിട്ടാപ്പുള്ളികളാണ്. ’92ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനു പിന്നാലെ മുംബൈയിൽ മുസ്ലിംകൾക്ക് നേരെയുണ്ടായ കലാപത്തിന് പ്രതികാരമായാണ് സ്ഫോടന പരമ്പരയെന്നാണ് വാദം. എന്നാൽ, സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർ കലാപത്തിലെ ഇരകളെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് കലാപവും സ്ഫോടനവും അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷെൻറ കണ്ടെത്തൽ.
മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്, എയർ ഇന്ത്യ കെട്ടിടം, സവേരി ബസാർ, പ്ലാസ സിനിമ, പാസ്പോർട്ട് ഒാഫിസ് തുടങ്ങിയ ഇടങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത്. സംഭവം നടന്ന് 48 മണിക്കൂറിനകം പൊലീസ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരാരെന്ന് കണ്ടെത്തി. ഗുൽമുഹമ്മദിെൻറ കുറ്റസമ്മതമൊഴിയും സ്ഫോടനത്തിന് ഉപയോഗിച്ച മേമൻ കുടുംബത്തിലെ കാറുമാണ് തെളിവായത്. സ്ഫോടനാനന്തരം രാജ്യംവിട്ട മേമൻ കുടുംബാംഗങ്ങളിൽ ടൈഗർ ഒഴിച്ചുള്ളവർ ധാരണയുടെ അടിസ്ഥാനത്തിൽ കീഴടങ്ങുകയായിരുന്നു. മുംബൈ സ്ഥിരതാമസമാക്കിയ ചാവക്കാട് സ്വദേശിയടക്കം 129 പേരാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടത്.
2006 സെപ്റ്റംബറിലാണ് യാഖൂബ് മേമനടക്കം മേമൻ കുടുംബത്തിലെ നാലുപേരും നടൻ സഞ്ജയ് ദത്തുമടക്കം 100 പേർ കുറ്റക്കാരെന്ന് അന്നത്തെ ടാഡ ജഡ്ജി പി.ഡി. കോഡെ വിധിച്ചത്. ചാവക്കാടുകാരനടക്കം 29 പേരെ വെറുതെവിട്ടു. 2007 ഫെബ്രുവരിയിലാണ് ശിക്ഷ വിധിക്കുന്നത്, യാഖൂബ് അടക്കം 10 പേർക്ക് വധശിക്ഷയും സഞ്ജയ് ദത്തിന് ആറുവർഷം തടവും. യാഖൂബ് ഒഴികെയുള്ളവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. 2015 ജൂലൈ 30ന് നാഗ്പൂർ സെൻട്രൽ ജയിലിൽ യാഖൂബിെൻറ വധശിക്ഷ നടപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.