മുംബൈ ബോട്ട് അപകടം; കാണാതായ ഏഴ് വയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി
text_fieldsമുംബൈ: മുംബൈയിൽ നാവിക സേനയുടെ ബോട്ട് യാത്രാബോട്ടിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ കാണാതായ ഏഴ് വയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. ഇതോടെ അപകടത്തിൽ മരണം 15 ആയി.
ജോഹാൻ മുഹമ്മദ് നിസാർ അഹമ്മദ് പത്താന്‍റെ മൃതദേഹമാണ് നാവിക സേനയുടെ ബോട്ട് കണ്ടെത്തിയത്. കാണാതായ യാത്രക്കാരെ കണ്ടെത്താൻ നാവികസേനയുടെ ഹെലികോപ്റ്ററും നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്‍റെയും ബോട്ടുകളും വിന്യസിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽ നാവികസേന അന്വേഷണം ആരംഭിച്ചു.
മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്‍റ ദ്വീപിലേക്ക് പോയ നീൽ കമൽ എന്ന യാത്രാബോട്ടാണ് മുങ്ങിയത്. കാണാതായ 45കാരന്‍റെ മൃതദേഹം ഒരു ദിവസത്തെ തിരച്ചിലിന് ശേഷം കണ്ടെത്തിയിരുന്നു. 10 യാത്രക്കാരുടെയും മൂന്ന് നാവിക ഉദ്യോഗസ്ഥരുടെയും മൃതദേഹം അപകട ദിവസം തന്നെ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
മഹാരാഷ്ട്ര മാരിടൈം ബോർഡ് (എം.എം.ബി) നൽകിയ രേഖകൾ പ്രകാരം 84 യാത്രക്കാരെയും ആറ് ജീവനക്കാരെയും കയറ്റാൻ മാത്രമാണ് ബോട്ടിന് അനുമതിയുണ്ടായിരുന്നത്. എന്നാൽ അഞ്ചു ജീവനക്കാർ ഉൾപ്പെടെ 110ലേറെ പേരാണ് യാത്ര ചെയ്തത്. 98 പേരെ രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലിൽ ആറ് പേർ ഉണ്ടായിരുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.