‘ഓരോ നിമിഷവും അവസാനത്തേതാണെന്ന് കരുതി ജീവിക്കുക’; വേദനയായി ജൂഹുവിൽ മുങ്ങിമരിച്ച കൗമാരക്കാരുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്
text_fieldsമുംബൈ: ജുഹു കോലിവാഡ ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തിയ നാല് കുട്ടികൾ കടലിൽ മുങ്ങിമരിച്ചത് കഴിഞ്ഞ ദിവസമാണ്. ജയ് റോഷൻ തച്ച്പരിയ (15), ധർമേഷ് വാൽജി ഭോജയ്യ (16), സഹോദരന്മാരായ മനീഷ് യോഗേഷ് ഒഗാനിയ (12), ശുഭം യോഗേഷ് ഒഗാനിയ (15) എന്നിവരാണ് മരിച്ചത്. കൂട്ടത്തിൽ ഉണ്ടായിരുന്നു മറ്റൊരു കുട്ടിയെ മീൻപിടുത്തക്കാർ രക്ഷപ്പെടുത്തിയിരുന്നു.16കാരനായ ദിപേഷ് കരണിനെയാണ് രക്ഷിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം.
സാന്താക്രൂസിലെ വാകോലയിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. എട്ടുപേരടങ്ങുന്ന കുട്ടികളുടെ സംഘമായിരുന്നു ജുഹു ബീച്ചിലെത്തിയത്. ഇവരിൽ അഞ്ചുപേർ കടലിൽ കുളിക്കാനിറങ്ങിയിരുന്നു. മൂന്നുപേർ കരയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നതിനാൽ വിനോദ സഞ്ചാരികൾക്ക് ബീച്ചിൽ വിലക്കേർപ്പെടുത്തിയിരുന്നു. കുട്ടികൾ ബീച്ചിൽ എത്തിയ സമയം അവിടെ ലൈഫ് ഗാർഡുമാരുടെ എണ്ണം കുറവായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
രക്ഷപ്പെട്ട കുട്ടികൾ പറയുന്നതുപ്രകാരം ജുഹു കോളിവാഡയിലെ ബിഎംസി ഗാർഡനിലേക്ക് ക്രിക്കറ്റ് കളിക്കാനെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ, മഴ കാരണം എല്ലാ കുട്ടികളും കളിക്കാൻ വന്നിരുന്നില്ല. അങ്ങിനെയാണ് ഇവർ ബീച്ചിൽ കുളിക്കാൻ പോയത്. നീന്തൽ അറിയാവുന്നവരാണ് കടലിൽ ഇറങ്ങിയത്. എന്നാൽ കടൽക്ഷോഭത്തിൽ ഇവർക്ക് പിടിച്ചുനിൽക്കാനായില്ല.
‘ഓരോ നിമിഷവും അവസാനത്തേതാണെന്ന് കരുതി ജീവിക്കുക’
കടലിൽ കുളിക്കാനിങ്ങുന്നതിന് മുമ്പ് കൂട്ടുകാർ ചേർന്ന് ഫോട്ടോ എടുക്കുകയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ‘ഓരോ നിമിഷവും അവസാനത്തേതാണെന്ന് കരുതി ജീവിക്കുക’എന്നാണ് ചിത്രത്തിന് കാപ്ഷൻ കൊടുത്തത്. അപകടശേഷം ചിത്രം കുട്ടികളുടെ ബന്ധുക്കളിലും കാഴ്ച്ചക്കാരിലും നൊമ്പരമായി പടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.