മുംബൈ കോളജിൽ ബുർഖ നിരോധനം പുനഃസ്ഥാപിച്ചു; എതിർപ്പുമായി വിദ്യാർഥികൾ
text_fieldsമുംബൈ: എൻ.ജി ആചാര്യ ആൻഡ് ഡി.കെ മറാത്ത കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസ് കൊമേഴ്സ് കോളജിൽ വീണ്ടും ബുർഖയും നിഖാബും ഹിജാബും നിരോധിച്ചു. ഒരു വ്യക്തിയുടെ മതം വെളിപ്പെടുത്തുന്ന ഹിജാബ്, ബുർഖ, നിഖാബ്, തൊപ്പി, ബാഡ്ജ് പോലുള്ള ഒഴിവാക്കണമെന്നാണ് കോളജ് അധികൃതർ വിദ്യാർഥികൾക്ക് നൽകിയ നിർദേശം. നേരത്തേ കാമ്പസിൽ ബുർഖയും ഹിജാബും നിരോധിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു.
അതിനിടെ, പൊതുവസ്ത്രധാരണരീതി ചൂണ്ടിക്കാട്ടിയാണ് കോളജ് നിയന്ത്രണങ്ങളെ ന്യായീകരിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതിന് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ സാധിച്ചിട്ടില്ല. ഡ്രസ്കോഡ് ഏർപ്പെടുത്തിയതിന് ബി.എസ്.സി വിദ്യാർഥിനിയായ ഷെയ്ഖ് നസ്രീൻ ബാനു മുഹമ്മദ് തൻസിം കോളജിന് വക്കീൽ നോട്ടീസ് അയച്ചു.
''അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശനം ഉടൻ ആരംഭിക്കും. 2024 ജൂൺ മുതൽ തുടങ്ങുന്ന അധ്യയന വർഷത്തിൽ എല്ലാ വിദ്യാർഥികൾക്കും പ്രത്യേക ഡ്രസ് കോഡ് നിർബന്ധമായിരിക്കും. കോളജിൽ ഔപചാരികവും മാന്യവുമായ വസ്ത്രം മാത്രമേ ധരിക്കാവൂ. വിദ്യാർഥികൾക്ക് ഫുൾ ഷർട്ട് അല്ലെങ്കിൽ ഹാഫ് ഷർട്ട്, സാധാരണ പാന്റ് ധരിക്കാം. പെൺകുട്ടികൾക്ക് ഏത് ഇന്ത്യൻ വസ്ത്രവും ധരിക്കാം. എന്നാൽ ബുർഖ, നിഖാബ്, ഹിജാബ് അല്ലെങ്കിൽ ബാഡ്ജ്, തൊപ്പി പോലുള്ള മതം വെളിപ്പെടുത്തുന്ന ഏതെങ്കിലും വസ്ത്രധാരണം അനുവദിക്കുന്നതല്ല. അത്തരം വസ്ത്രങ്ങൾ ധരിച്ചാണ് വരുന്നതെങ്കിൽ കോളജിലെത്തിയാലുടൻ അത് നീക്കണം. എങ്കിൽ മാത്രമേ കോളജിനകത്തേക്ക് പ്രവേശിപ്പിക്കൂ. ആഴ്ചയിൽ ഒരു ദിവസം, അതായത് വ്യാഴാഴ്ച ഡ്രസ് കോഡിൽ ഇളവുണ്ടായിരിക്കും. എന്നാൽ അന്ന് മാന്യമായ വസ്‍ത്രം ധരിച്ച് കോളജിലെത്തണം.''-എന്നാണ് ഡ്രസ്കോഡ് സംബന്ധിച്ച് കോളജ് പുറത്തിറക്കിയ സർക്കുലറിലുള്ളത്.
കഴിഞ്ഞ ആഗസ്റ്റിൽ ബുർഖയും നിഖാബും ധരിച്ചെത്തിയ പ്ലസ്ടു വിദ്യാർഥികൾക്ക് കോളജിൽ പ്രവേശനം നിഷേധിച്ചിരുന്നു. സംഭവം വിവാദമായപ്പോൾ എൻ.ജി.ഒ ആയ എക്സ എജ്യൂക്കേഷൻ ഫൗണ്ടേഷൻ കോളജ് പ്രിൻസിപ്പലിനോട് വിശദീകരണം തേടി.
അതേസമയം, മതം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് മുസ്‍ലിം പെൺകുട്ടികളുടെ അവകാശമാണെന്നും അത് നിഷേധിക്കാനുള്ള തീരുമാനം ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് വിദ്യാർഥികൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.