സംഘ്പരിവാർ അതിക്രമങ്ങൾക്ക് എതിരെ ക്രിസ്ത്യൻ കൂട്ടായ്മ ധർണ
text_fieldsമുംബൈ: കേരളത്തിൽ സീറോ മലബാർ സഭയും തലശ്ശേരി അതിരൂപതയും ബി.ജെ.പിയുമായി അടുക്കുന്ന പ്രസ്താവനകൾ നടത്തുമ്പോൾ മുംബൈയിൽ സംഘ്പരിവാറിന്റെ വ്യാപക ആക്രമണങ്ങൾക്ക് എതിരെ ക്രിസ്ത്യൻ സംഘടനകളുടെ ധർണ. ബുധനാഴ്ച സമസ്ത ക്രിസ്റ്റി സമാജ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ആസാദ് മൈതാനത്താണ് ധർണ നടന്നത്.
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബി.ജെ.പി നേതാക്കൾ ക്രിസ്ത്യൻ സമുദായവുമായി അടുക്കാൻ ശ്രമങ്ങൾ നടത്തിയതിന് പിന്നാലെയാണ് ധർണയെന്നതും ശ്രദ്ധേയമാണ്. ധർണക്ക് ഐക്യദാർഢ്യവുമായി ഗാന്ധിയുടെ പേരമകൻ തുഷാർ ഗാന്ധി പങ്കെടുത്തു.
വ്യാജ മതപരിവർത്തനത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക, പള്ളികൾക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുക, ആക്രമണങ്ങളിൽ അതിവേഗമുള്ള നിയമനടപടിക്ക് സംവിധാനമൊരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ധർണയിൽ ഉന്നയിച്ചു. ലവ്ജിഹാദ്, ഭൂമി ജിഹാദ് എന്നീ ആരോപണങ്ങൾ ഉന്നയിച്ച് മുസ്ലിംകൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളും സാമ്പത്തിക സാമൂഹിക ബഹിഷ്കരണ ആഹ്വാനങ്ങളും ധർണയിൽ ചൂണ്ടിക്കാട്ടി.
വിവിധ സഭാ പുരോഹിതരടക്കം ആയിരത്തിലേറെ പേർ പങ്കെടുത്തു. നേരത്തെ ബൈഖുളയിൽനിന്ന് ആസാദ് മൈതാനത്തേക്ക് മാർച്ചിന് അനുമതി തേടിയെങ്കിലും മുംബൈ പൊലീസ് നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.