‘അറസ്റ്റ് ചെയ്തത് ശരിയായ പ്രതിയെ, മതിയായ തെളിവുണ്ട്’; സെയ്ഫ് അലി ഖാൻ കേസിൽ മുംബൈ പൊലീസ്
text_fieldsമുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി മുംബൈ പൊലീസ്. കേസിൽ ശരിയായ പ്രതി തന്നെയാണ് അറസ്റ്റിലായതെന്നും മതിയായ തെളിവുണ്ടെന്നും മുംബൈ വെസ്റ്റ് അഡീഷനൽ പൊലീസ് കമീഷണർ പരംജിത് ദാഹിയ പറഞ്ഞു.
സെയ്ഫിന്‍റെ വിട്ടിൽനിന്ന് അന്വേഷണ സംഘം ശേഖരിച്ച വിരലടയാളം പ്രതിയുടെ വിരലടയാളവുമായി ഒത്തുപോകുന്നില്ലെന്ന റിപ്പോർട്ടുകളും അദ്ദേഹം തള്ളിക്കളഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച വിരലടയാളത്തിന്‍റെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ശാരീരികവും സാങ്കേതികവും വാക്കാലുമുള്ള മൂന്നുതരം തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുംബൈയിലേക്ക് വരുന്നതിനു മുമ്പ് പ്രതി കുറച്ചുകാലം കൊൽക്കത്തയിൽ താമസിച്ചിരുന്നു. കൊൽക്കത്തയിൽ താമസിക്കുമ്പോൾ പ്രതി ഉപയോഗിച്ച സിം കാർഡ് ഒരു യുവതിയുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് എടുത്തത്. അന്വേഷണ സംഘം പശ്ചിമ ബംഗാളിലെത്തി രണ്ടുപേരിൽനിന്ന് മൊഴി എടുത്തിട്ടുണ്ട്.
കൊൽക്കത്തയിൽ തന്നെ താമസിക്കുന്ന ഒരു ബന്ധുവിന്‍റെ സഹായത്തോടെയാണ് യുവതിയുടെ ആധാർ കാർഡ് പ്രതി സ്വന്തമാക്കിയതെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. നടന്‍റെ വീട്ടിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തിയ വിരലടയാളം പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പൊലീസിന്‍റെ വിശദീകരണം.
മുംബൈ പൊലീസ് ഫോറൻസിക് സംഘം വീട്ടിൽനിന്ന് ശേഖരിച്ച 19 വിരലടയാളങ്ങളാണ് ശാസ്ത്രീയ പരിശോധനകൾക്കായി സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള ഫിംഗര്‍പ്രിന്‍റ് ബ്യൂറോക്ക് അയച്ചുകൊടുത്തത്. ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതിയുടെ വിരലടയാളവുമായി യോജിക്കുന്നില്ല എന്നായിരുന്നു മാധ്യമ വാർത്തകൾ. പിടിയിലായ ബംഗ്ലാദേശി പൗരന്റെയും സെയ്ഫിന്റെ വീടിനുപുറത്തുള്ള സി.സി.ടി.വി കാമറയിൽ പതിഞ്ഞയാളുടെയും മുഖങ്ങൾ പരിശോധിച്ച് പൊലീസ് ഉറപ്പുവരുത്തുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. കാമറയിൽ പതിഞ്ഞയാളെയല്ല പൊലീസ് അറസ്റ്റുചെയ്തതെന്ന് പലകോണുകളിൽനിന്നു വിമർശനം ഉയർന്നിരുന്നു.
പിടിയിലായ ഷെരിഫിന്‍റെ പിതാവും ഇതേ അഭിപ്രായമുന്നയിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപിച്ചത്. നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറക്കുകയും ചെയ്തിരുന്നു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തിയുടെ ഭാഗം നീക്കം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.