ലൈല ഖാൻ കൊലക്കേസ്: രണ്ടാനച്ഛന് വധശിക്ഷ; 14 വർഷം പഴക്കമുള്ള കേസിലാണ് ശിക്ഷാവിധി
text_fieldsമുംബൈ: ബോളിവുഡ് നടി ലൈലാ ഖാനെയും കുടുംബത്തിലെ അഞ്ചുപേരെയും കൊലപ്പെടുത്തിയ കുറ്റത്തിന് രണ്ടാനച്ഛൻ പർവേസ് ടാക്കിന് വധശിക്ഷ വിധിച്ച് മുംബൈ സെഷൻസ് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊലപാതകം നടന്ന് 14 വർഷം കഴിഞ്ഞാണ് ശിക്ഷാവിധി. കേസിൽ പർവേസ് കുറ്റക്കാരനാണെന്ന് മേയ് ഒമ്പതിന് അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 2011 ഫെബ്രുവരിയിലാണ് കൊലപാതകം നടന്നത്. ലൈലാ ഖാൻ(30), മാതാവ് സെലീന, സഹോദരങ്ങളായ അസ്മിന(32), ഇംറാൻ(25), സാറ, ബന്ധു രേഷ്മ ഖാൻ(51) എന്നിവരാണ് കൊല്ലപ്പെട്ടത്.
കശ്മീർ സ്വദേശിയും സെലീനയുടെ മൂന്നാം ഭർത്താവുമാണ് പ്രതിയായ പർവേസ് ടാക്. 2011 ഫെബ്രുവരി മുതൽ സെലീനയെയും കുടുംബത്തെയും കാണാതായിരുന്നു.തുടർന്ന് സെലീനയുടെ ആദ്യ ഭർത്താവ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഇവരുടെ അസ്തികൂടങ്ങൾ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെ ബംഗ്ലാവിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ അവസാനമായി കണ്ടത് പർവേസിനൊപ്പമാണെന്ന് മൊബൈലിലെ വിവരങ്ങൾ പരിശോധിച്ചപ്പോൾ പൊലീസ് കണ്ടെത്തി. അന്വേഷണം പർവേസിലേക്ക് നീണ്ടതോടെ അയാൾ കശ്മീരിലേക്ക് രക്ഷപ്പെട്ടു. 2012 ജൂലൈ എട്ടിന് പർവേസിനെ ജമ്മു കശ്മീരിൽ വെച്ച് അറസ്റ്റ് ചെയ്തു.
സെലീനയുടെയും ആദ്യ ഭർത്താവ് നാദിറിന്റെയും മകളാണ് ലൈല ഖാൻ. നാദിറാണ് കുടുംബത്തെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത്. പർവേസിനെയും സെലീനയുടെ മറ്റൊരു ഭർത്താവായ ആസിഫ് ശൈഖിനെയും സംശയിക്കുന്നതായും നാദിർ പരാതിയിൽ സൂചിപ്പിച്ചിരുന്നു.
സ്വത്ത് തർക്കമാണ് കൊലപാതത്തിന് പിന്നിൽ എന്നാണ് കരുതുന്നത്. ഇഗത്പുരിയിലെ ബംഗ്ലാവിൽ വെച്ച് പർവേസ് ആദ്യം സെലീനയെ ആണ് മർദിച്ചത്. മർദനത്തിനൊടുവിൽ സെലീന മരിച്ചു. അതിനു ശേഷം ലൈല അടക്കമുള്ളവരെ മറ്റൊരാളുടെ സഹായത്തോടെ കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങൾ വീടിനടുത്ത് കുഴിച്ചിട്ടു. അതിനു ശേഷം വീടിന് തീയിടുകയും ചെയ്തു.
40 ഓളം ദൃക്സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. സെലീനയും അവരുടെ കുടുംബവും തന്നെ വേലക്കാരനെ പോലെയാണ് കാണുന്നത് പർവേസിന് പരാതിയുണ്ടായിരുന്നു. സെലീനയും കുടുംബവും തന്നെ വിട്ട് ദുബൈയിലേക്ക് പോകുമെന്നും അയാൾ ഭയപ്പെട്ടു. പർവേസിന് പാസ്പോർട്ട് ഉണ്ടായിരുന്നില്ല. അതിനാൽ അവർക്കൊപ്പം പോകാൻ കഴിയില്ലെന്നും അയാൾ കരുതി. രണ്ടാംഭർത്താവ് ആസിഫ് ശൈഖുമായുള്ള സെലീനയുടെ അടുത്ത ബന്ധവും പർവേസിനെ അസ്വസ്ഥനാക്കിയിരുന്നു.
ആരാണ് ലൈല ഖാൻ
പാക് വംശജയാണ് ലൈല ഖാൻ. രേഷ്മ പട്ടേൽ എന്നായിരുന്നു അവരുടെ പേര്. രാജേഷ് ഖന്നക്കൊപ്പം അഭിനയിച്ച വഫ; എ ഡെഡ്‍ലി ലവ് സ്റ്റോറി എന്ന ചിത്രമാണ് ലൈലയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. രാകേഷ് സാവന്ത് സംവിധാനം ചെയ്ത ഈ സിനിമ 2008ലാണ് പുറത്തിറങ്ങിയത്.
അതേ വർഷം പുറത്തിറങ്ങിയ കൂൾ നഹി ഹോ ഹെ ഹം എന്ന സിനിമയിലും ലൈല അഭിനയിച്ചു. കന്നഡ ചിത്രമായ മേക്കപ്പ് എന്ന ചിത്രത്തിലൂടെയാണ് ലൈലയുടെ അരങ്ങേറ്റം. നിരോധിത ബംഗ്ലാദേശി സംഘടനയായ ഹർക്കത്തുൽ ജിഹാദ് അൽ ഇസ്‍ലാമിയിലെ അംഗമായ മുനീർ ഖാനെയാണ് ലൈല വിവാഹം കഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.