മുംബൈയിൽ സമൂഹ വ്യാപന സൂചന; തടുക്കാനാകാതെ ധാരാവി
text_fieldsമുംബൈ: നഗരത്തിൽ കോവിഡിെൻറ സമൂഹ വ്യാപന സൂചനയെന്ന് മഹാരാഷ്ട്ര പകർച്ചവ്യാധി നിരീക്ഷണ ചുമതലയുള്ള ഡോ. പ്രദീപ് ആവ്ടെ. രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നതും ചിലരിലെ രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമാകാത്തതുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
നഗരത്തിലെ ജനസാന്ദ്രതയാണ് പ്രധാന വെല്ലുവിളി. കിലോമീറ്റർ ചുറ്റളവിൽ 20,000 പേരാണ് കഴിയുന്നത്. 40 ശതമാനം ചേരികളിൽ പാർക്കുന്നതും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നു. ധാരാവി, വർളി, ഗോവണ്ടി, കുർള, ബൈഖുള, വഡാല തുടങ്ങിയ പ്രദേശങ്ങളിലെ ചേരികളിലാണ് രോഗവ്യാപനം ശക്തം. ഇവിടങ്ങളിൽ രോഗപ്പകർച്ചയുടെ ഉറവിടം മുംബൈ നഗരസഭ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിെൻറ നിരക്ക് കുറക്കാൻ കഴിഞ്ഞതായി ഡോ. പ്രദീപ് ആവ്ടെ പറഞ്ഞു. എന്നാൽ, നഗരസഭ ആരോഗ്യ വകുപ്പ്, സമൂഹ വ്യാപനത്തിലേക്ക് കടന്നതായി സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. സമൂഹ വ്യാപന ഘട്ടമായതായി ആരും സ്ഥിരീകരിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യ കമീഷണർ അനൂപ് കുമാർ യാദവ് പറഞ്ഞു. ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം നഗരത്തിലെ രോഗബാധിതർ 13,739 ആണ്, മരണം 508.
തടുക്കാനാകാതെ ധാരാവി
ധാരാവിയിൽ കോവിഡ് വ്യാപനത്തിന് തടയിടാനാകാതെ മുംബൈ നഗരസഭ. തിങ്കളാഴ്ച 57 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 916 ആയി. 29 പേരാണ് മരിച്ചത്. ധാരാവി അടച്ചുപൂട്ടിയെങ്കിലും നടപടി പര്യാപ്തമല്ലെന്ന് പ്രദേശം സന്ദർശിച്ച പുതിയ മുംബൈ നഗരസഭ കമീഷണർ ഇഖ്ബാൽ ചഹൽ പറഞ്ഞു. പ്രവീൺ പർദേശിയെ മാറ്റിയാണ് ഇഖ്ബാൽ ചഹലിനെ സർക്കാർ നഗരസഭ കമിഷണറായി നിയമിച്ചത്.
കേന്ദ്ര സർക്കാർ അതൃപ്തി അറിയിച്ചതിനെ തുടന്നാണ് പ്രവീൺ പർദേശിയെ മാറ്റിയത്.
ധാരാവിയിൽ അടക്കം മുംബൈയിൽ കോവിഡ് പെരുകുന്നത് രാജ്യത്തിെൻറ കോവിഡ് വിരുദ്ധ പോരാട്ട പ്രതിഛായക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് ആരോപണം. ധാരാവിയുടെ വഴിയെ വഡാലയിലെ ചേരിപ്രദേശവും കോവിഡ് ഹോട്ട് സ്പോട്ടായി മാറുന്നത് വെല്ലുവിളിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.