മുംബൈയിൽ തകർന്ന വിമാനം പറത്തിയത് ഡി.ജി.സി.ഐ അനുമതി ഇല്ലാതെ
text_fieldsമുംബൈ: അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വിമാനം പറത്തിയത് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.ഐ)ന്‍റെ അനുമതി ഇല്ലാതെയെന്ന് റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിമാന കമ്പനിയായ യു.വൈ. ഏവിയേഷൻ പരീക്ഷണ പറക്കൽ നടത്തിയതെന്നും വിവരമുണ്ട്.
അതേസമയം, വിമാനം പറത്താൻ അനുമതിയില്ലെന്ന ആരോപണം യു.വൈ ഏവിയേഷൻ ചെയർമാൻ അനിൽ ചൗഹാൻ നിഷേധിച്ചു. വിമാനത്തിന്‍റെ അറ്റകുറ്റപണിക്കായി 10 കോടി രൂപ മുടക്കിയിരുന്നു. എല്ലാ അനുമതിയും വാങ്ങിയ ശേഷമാണ് പരീക്ഷണ പറക്കൽ നടത്തിയതെന്നും വാർത്താകുറിപ്പിലൂടെ ചെയർമാൻ അറിയിച്ചു.
അതിനിടെ, ഉത്തർ പ്രദേശ് സർക്കാറിനും യു.വൈ. ഏവിയേഷനും എതിരെ മഹാരാഷ്ട്രയിൽ നിന്നുള്ള ബി.ജെ.പി എം.പി കിരിത് സോമയ്യ കേന്ദ്ര വ്യോമയാന മന്ത്രിക്ക് പരാതി നൽകി. ഉപയോഗ യോഗ്യമല്ലാത്ത വിമാനത്തിന് പറത്താൻ അനുമതി ലഭിച്ചിട്ടുണ്ടോ, ജനസാധ്രതയുള്ള പ്രദേശത്ത് വിമാനം പറത്തുന്നതിനുള്ള മാനദണ്ഡങ്ങൾ കമ്പനി പാലിച്ചോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണമെന്ന് പരാതിയിൽ പറയുന്നു.
കൂടാതെ, ഉത്തർ പ്രദേശ് സർക്കാറിന്‍റെ ഔദ്യോഗിക ചിഹ്നം വിമാനത്തിൽ നിന്ന് യു.വൈ ഏവിയേഷൻ നീക്കിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.പി. സർക്കാറും പരാതി നൽകിയിട്ടുണ്ട്.
2014ലാണ് യു.പി സർക്കാറിൽ നിന്ന് യു.വൈ. ഏവിയേഷൻ വിമാനം വാങ്ങിയത്. അലഹബാദിൽ വെച്ചുള്ള അപകടത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഉപയോഗിക്കാൻ സാധിക്കില്ലെന്ന നിഗമനത്തിലാണ് വിമാനം വിറ്റത്. തുടർന്ന് അറ്റകുറ്റപണി പൂർത്തിയാക്കി വ്യാഴാഴ്ച ആദ്യ പരീക്ഷണ പറക്കൽ നടത്തിയ വിമാനമാണ് നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുകളിൽ തകർന്നുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.