നീലച്ചിത്ര നിർമാണ കേസിൽ നടിക്ക് സമൻസ്
text_fieldsമുംബൈ: വ്യവസായി രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്ര നിർമാണ കേസിൽ ടെലിവിഷൻ നടിയും മോഡലുമായ ഗെഹന വസിഷ്ഠ് അടക്കം മൂന്നു പേർക്ക് ക്രൈംബ്രാഞ്ച് സമൻസ്. മുംബൈ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സെൽ ആണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് സമൻസ് അയച്ചത്. ഇന്ന് ഉച്ചക്ക് 12ന് ഹാജരാകണമെന്നാണ് നിർദേശം. നീലച്ചിത്ര നിർമാണ കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റിലായ ഗെഹന വസിഷ്ഠ് നിലവിൽ ജാമ്യത്തിലാണ്.
അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും അവ സമൂഹമാധ്യമങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ജൂലൈ 19നാണ് വ്യവസായിയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കുന്ദ്രയുടെ സഹായി റിയാൻ തോർപ് അടക്കം ഒമ്പതു പേർ പിടിയിലായിട്ടുണ്ട്.
മൊബൈൽ ആപ് വഴി അശ്ലീല വിഡിയോകൾ വിൽപന നടത്തിയെന്നാണ് കുന്ദ്രക്കെതിരായ കേസ്. വഞ്ചനാകുറ്റത്തിന് പുറമെ പൊതു സ്ഥലങ്ങളിൽ അശ്ലീല രംഗങ്ങളിൽ ഏർപെടൽ, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കുന്ദ്ര സ്വന്തമായി അശ്ലീല വിഡിയോകൾ നിർമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്‍റെ സ്ഥാപനത്തിന് വേണ്ടിയാണ് രാജ് കുന്ദ്ര പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.
നീല ചിത്രങ്ങൾ നിർമിക്കുകയും വൻതുകക്ക് മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ വിതരണം ചെയ്തു വരികയുമായിരുന്നു ഇവരുടെ രീതി. രാജ് കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസിന് ലണ്ടൻ കമ്പനിയായ കെന്‍ റിനുമായി ബന്ധമുണ്ടായിരുന്നു. നീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ആപ്പിന്‍റെ ഉടമകളാണ് കെൻ റിൻ. കമ്പനി ലണ്ടനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നീല ചിത്ര നിർമാണം, ആപ്പിന്‍റെ പ്രവർത്തനം, അക്കൗണ്ടിങ് തുടങ്ങിയവ വിയാൻ ഇൻഡസ്ട്രീസ് വഴിയാണ് നടന്നിരുന്നത്.
സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികൾക്ക് അവസരം വാഗ്ദാനം ചെയ്ത് ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയാണ് ഇവർ ചെയ്തിരുന്നത്. സംഭവത്തിൽ കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ് കാമത്ത് നേരത്തേ അറസ്റ്റിലായിരുന്നു. നഗ്നയായി ഓഡീഷനിൽ പങ്കെടുക്കാൻ നിർബന്ധിച്ചതായി നടി സാഗരിക ഷോണ ഉമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ രാജ് കുന്ദ്രക്കെതിരെ ഷെർലിൻ ചോപ്രയും പൂനം പാണ്ഡെയും രംഗത്തെത്തിയിരുന്നു.
കേസിൽ കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിയെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അഞ്ചു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. മൊബൈൽ ആപ് വഴി നീലച്ചിത്ര വിൽപന നടത്തിയതിന്‍റെ സാമ്പത്തിക ഇടപാടുകൾ ശിൽപയുടെ അക്കൗണ്ട് വഴി നടന്നോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.