തനി തങ്കമാണീ മനസ്സ്- ആഭരണങ്ങൾ വിറ്റ് കോവിഡ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടറുകളെത്തിച്ച് കിടപ്പുരോഗിയായ വീട്ടമ്മ
text_fieldsമുംബൈ: വർഷങ്ങളായി ഓക്സിജൻ സിലിണ്ടറിൽ ജീവൻ നിലനിർത്തുേമ്പാഴും സ്വന്തം ജീവൻ വകവെക്കാതെ ആഭരണങ്ങൾ വിറ്റ് ഓക്സിജൻ സിലിണ്ടറുകൾ കോവിഡ് രോഗികൾക്ക് നൽകി ഒരു അധ്യാപിക. 51കാരിയായ റോസിയും ഭർത്താവ് പാസ്കൽ സാൽഡാൻഹയുമാണ് ഈ കോവിഡ് കാലത്ത് മാത്യകയാകുന്നത്.
ബോറിവ്ലി, സെന്‍റ് സേവ്യേഴ്സ് സ്കൂളിലെ അധ്യാപികയാണ് റോസി. പാസ്കൽ മാൽവാനിയിലെ പ്രശസ്തനായ ഡെക്കറേറ്ററും. രണ്ടുമക്കളുമായി ഇരുവരും മുംബൈയിലെ മാൽവാനി പ്രദേശത്താണ് താമസം.
അഞ്ചുവർഷം മുമ്പാണ് ഇരുവരുടെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ദുരന്തം കടന്നുവരുന്നത്. റോസിയുടെ രണ്ടു വൃക്കകളും തകരാറിലായി. ഡയാലിസിസിലുടെയാണ് ജീവൻ നിലനിർത്തുന്നത്. നാലോളം തവണ കോമയിലായി. കൂടാതെ തലച്ചോറിൽ രക്തസ്രാവവും. എന്നാൽ മാനസിക ബലം കരുത്താക്കി റോസി ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. റോസിയുടെ ചികിത്സക്കായി രണ്ടുകോടിയിലധികം രൂപയാണ് കുടുംബം ചെലവാക്കിയത്. കൂടാതെ വീട്ടിൽ ഒരു ആശുപത്രിയിലെ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. വൈറസോ ചെറിയ അണുബാധയോ പോലും റോസിയുടെ ആരോഗ്യനില വഷളാക്കും. അതിനാൽ കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തിൽതന്നെ അത്യാവശ്യ ഘട്ടം നേരിടുന്നതിനായി ഒരു ഓക്സിജൻ സിലിണ്ടറും വീട്ടിൽ സൂക്ഷിച്ചിരുന്നു. ലോക്ഡൗണിൽ സമീപവാസികളായ നിരവധിപേർ കഷ്ടെപ്പടുന്നത് കണ്ടതോടെ രണ്ടുടൺ ഭക്ഷ്യധാന്യങ്ങൾ അവർക്കായി വിതരണം നടത്തിയിരുന്നു.
അഞ്ചുദിവസം മുമ്പാണ് പാസ്കൽ സുഹൃത്തായ ഹോളി മദർ സ്കൂൾ പ്രിൻസിപ്പൽ റഫീക്ക് സിദ്ദിഖിയിൽ നിന്ന് ആ വിവരം അറിയുന്നത്. അവരുടെ സ്കൂളിലെ അധ്യാപികയായ ശബാന മാലിക്കിന്‍റെ ഭർത്താവ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഓക്സിജൻ ലഭിക്കാതെ വലയുന്നു. സംഭവം അറിഞ്ഞയുടൻ വീട്ടിൽ റോസിക്കായി സൂക്ഷിച്ച സിലിണ്ടർ പാസ്കൽ അധ്യാപികക്ക് കൈമാറി. അധ്യാപികയുടെ ഭർത്താവ് സുഖം പ്രാപിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കൂടുതൽ പേർക്ക് ഓക്സിജൻ ആവശ്യമായി വരുന്നുവെന്ന വാർത്തകളാണ് കേട്ടത്.
റോസിയോട് പറയാതെയായിരുന്നു ഓക്സിജൻ സിലിണ്ടർ അധ്യാപികക്ക് നൽകിയത്. ഓക്സിജൻ സിലിണ്ടർ കാണാതായതോടെ റോസി ഭർത്താവിനോട് കാര്യം തിരക്കി. ഇതോടെ പാസ്കൽ സംഭവം വിവരിച്ചു. കൂടുതൽ പേർക്ക് ഓക്സിജൻ ആവശ്യമായി വരുന്നുവെന്ന കാര്യങ്ങളും അറിയിച്ചു. ഇതോടെ തന്‍റെ ശരീരത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങൾ ഭർത്താവിന് ഊരി നൽകുകയായിരുന്നു.
ആഭരണം വിറ്റ 80,000 രൂപക്ക് കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി. ശബാന മാലിക്കിന്‍റെ ഭർത്താവിനെ കൂടാതെ ഏഴുപേരുടെ ജീവൻ രക്ഷിക്കാൻ ഈ ദമ്പതികൾക്ക് കഴിഞ്ഞു. ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതിൽ സങ്കടമുണ്ടെന്നും ദമ്പതികൾ പറഞ്ഞു.
'ഞാൻ എത്രനാൾ ജീവിച്ചിരിക്കുമെന്ന് അറിയില്ല. യാതൊരു ഉപയോഗവുമില്ലാതെ എന്‍റെ കൈവശം കുറച്ച് ആഭരണങ്ങളുണ്ടായിരുന്നു. അവ വിറ്റാൽ കുറച്ചുപേരുടെയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കും' -സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവർക്ക് ജീവശ്വാസമേകിയ റോസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.