സൈറസ് മിസ്ത്രി സഞ്ചരിച്ച കാർ ഓടിച്ചത് മുംബൈയിലെ വനിതാ ഡോക്ടർ
text_fieldsമുംബൈ: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽപെടുമ്പോൾ കാർ ഓടിച്ചിരുന്നത് മുംബൈയിലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റാണെന്ന് പൊലീസ്. അപകടത്തിൽ സൈറസ് മിസ്ത്രിയും സഹയാത്രികനായ മറ്റൊരാളുമാണ് മരിച്ചത്. വേഗതയിൽ വന്ന കാർ മറ്റൊരു വാഹനത്തെ ഇടതുവശത്തുകൂടെ ഓവർടേക് ചെയ്യുന്നതിനിടെയാണ് ഇടിച്ചുമറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. ഗൈനക്കോളജിസ്റ്റായ അൻഹിത പാൻഡോലെ (55), ഇവരുടെ ഭർത്താവ് ഡേരിയസ് പാൻഡോലെ (60) എന്നിവർ കാറിലുണ്ടായിരുന്നു. ഇവർ ഇരുവരുമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. മിസ്ത്രിയെ കൂടാതെ ഡേരിയസിന്‍റെ സഹോദരൻ ജഹാംഗീർ പാൻഡോലെയും അപകടത്തിൽ മരിച്ചിട്ടുണ്ട്.
മിസ്ത്രിയും ജഹാംഗീർ പാൻഡോലെയും മേഴ്സിഡസ് ബെൻസ് കാറിന്‍റെ പിൻസീറ്റിലാണുണ്ടായിരുന്നത്. ഡേരിയസ് പാൻഡോലെ മുൻസീറ്റിലും ഭാര്യ ഡോ. അൻഹിത പാൻഡോലെ ഡ്രൈവർ സീറ്റിലുമായിരുന്നു -പൊലീസ് പറഞ്ഞു.
'ഒരു സ്ത്രീയായിരുന്നു കാർ ഓടിച്ചിരുന്നത്. ഇടതുവശത്തുകൂടെ വേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട് അപകടമുണ്ടായത്' -ഒരു ദൃക്സാക്ഷി പറയുന്നു. അപകടത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.