ആര്യന് ക്ലീന്‍ ചിറ്റിന് പിന്നാലെ സമീർ വാങ്കഡയെ ചെന്നൈയിലേക്ക് 'പറപ്പിച്ചു'
text_fieldsമുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ എൻ.സി.ബി മുംബൈ ബ്യൂറോയുടെ മുൻ സോണൽ ഡയറക്ടറായ സമീർ വാങ്കഡെയെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ചെന്നൈയിലെ ഡി.ജി ടാക്സ് പേയർ സർവീസ് ഡയറക്ടറേറ്റിലേക്കാണ് സ്ഥലമാറ്റം. കോർഡേലിയ ക്രൂയിസ് മയക്കുമരുന്ന് കേസിന്റെ മുഖ്യ അന്വേഷകനായിരുന്നു വാങ്കഡെ. കേസിൽ അശ്രദ്ധമായ അന്വേഷണം നടത്തിയതിന് വാങ്കഡെക്കെതിരെ നടപടിയെടുക്കാന്‍ സർക്കാർ ശിപാർശ ചെയ്തതിന് പിന്നാലെയാണ് സ്ഥലമാറ്റം.
ചെന്നൈ ഡി.ജി ടാക്സ് പേയർ സർവീസ് വകുപ്പിൽ അഡീഷണൽ ഡയറക്ടറായി നിയമിക്കപ്പെടുന്ന അദ്ദേഹം ജൂൺ 10 ന് ചുമതലയേൽക്കും. വാങ്കഡെ ഉൾപ്പെടെ 204 ഐ.ആർ.എസ് ഉദ്യോഗസ്ഥരെ രാജ്യത്തുടനീളമുള്ള വിവിധ വകുപ്പുകളിലായി സ്ഥലം മാറ്റിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
2020 ഓഗസ്റ്റ് 31 മുതൽ എൻ.സി.ബി മുംബൈ യൂണിറ്റിന്റെ ഡയറക്ടറായിരുന്ന സമീർ വാങ്കഡെ തന്‍റെ വകുപ്പുകളിൽ കൊണ്ടുവന്ന പരിഷ്കരണങ്ങളുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമാമേഖലയിലെ നിരവധി മയക്കുമരുന്ന് ബന്ധങ്ങൾ അദ്ദേഹം പുറത്തുകൊണ്ടുവന്നിരുന്നു. എന്നാൽ കോർഡേലിയ ക്രൂയിസ് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെയാണ് വാങ്കഡെയുടെ പ്രശസ്തി നഷ്ടപ്പെട്ടുതുടങ്ങുന്നത്.
വിവാദങ്ങൾക്ക് ശേഷം കേസ് പുനരന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം മുംബൈ എൻ.സി.ബി ടീമിന്റെ അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ചിരുന്നു. ആര്യന്‍ ഖാനെ ഈ കേസിൽകുടുക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് ഇവർ നടത്തിയതെന്നും പ്രത്യേക അന്വേഷണ സംഘമായ എസ്.ഐ.ടി പറഞ്ഞു.
ഡി.ആർ.ഐയിൽ ചുമതലയേൽക്കുന്ന വാങ്കഡെ നേരത്തെ എയർപോർട്ട് കസ്റ്റംസ്, സർവീസ് ടാക്‌സ്, ദേശീയ അന്വേഷണ ഏജൻസി എന്നിവയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.