കോവിഡ് ഫലം വരുന്നതിനുമുമ്പ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; 100ൽ അധികംപേർ ക്വാറൻറീനിൽ
text_fieldsമുംബൈ: കോവിഡ് പരിശോധന ഫലം വരുന്നതിനുമുന്നേ ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം സംസ്കരിച്ചതിനെ തുടർന്ന് 100ൽ അധികം പേർ നിരീക്ഷണത്തിൽ. പരിശോധനഫലം പുറത്തുവന്നപ്പോൾ മരിച്ച വ്യക്തിക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നാണ് നിരവധി പേരെ ക്വാറൻറീനിലാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മുംബൈയിലാണ് നിരുത്തരവാദപരമായ ഈ സംഭവം.
55കാരനായ വ്യക്തിയെ കരൾ രോഗത്തെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ കാർഡിനൽ ഗ്രേഷ്യസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വ്യക്തി വ്യാഴാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിൻെറ കോവിഡ് പരിശോധനഫലം വന്നിരുന്നില്ല. മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. വ്യാഴാഴ്ച തന്നെ മൃതദേഹം സംസ്കരിച്ചു. 500ൽ അധികം പേരാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.
വെള്ളിയാഴ്ച രാവിലെയാണ് മരിച്ച വ്യക്തിയുടെ കോവിഡ് പരിശോധന ഫലം പുറത്തുവരുന്നത്. ആശുപത്രി അധികൃതർ ഉടൻതന്നെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ മൃതദേഹത്തിൽ സ്പർശിച്ചവരും അവസാന ചടങ്ങുകൾ നിർവഹിച്ചവരുമായ 40ഓളം പേരെ ഉയർന്ന രോഗസാധ്യത പട്ടികയിൽ ഉൾപ്പെടുത്തി. കൂടാതെ 100ൽ അധികം പേരെയും നിരീക്ഷണത്തിലാക്കി.
അേതസമയം ആശുപത്രി അധികൃതർ സംഭവം നിഷേധിച്ചു. കോവിഡ് ബാധിച്ചല്ല രോഗിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. അതിനാൽ തന്നെ ഇദ്ദേഹത്തിൻെറ മരണശേഷം മൃതദേഹം വിട്ടുനൽകാനായി നിരവധി ഫോൺ കോളുകൾ ആശുപത്രിയിലേക്ക് എത്തിയിരുന്നു. സംസ്കാര ചടങ്ങുകളിൽ സാമൂഹിക അകലം ഉറപ്പാക്കേണ്ടതും ആൾക്കൂട്ടം ഒഴിവാക്കേണ്ടതും ബന്ധുക്കളുടെ ഉത്തരവാദിത്തമായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.