അവർ പിറന്നുവീണത് സുരക്ഷിതരായി; മുംബൈ മാതൃക ചർച്ചയാകുന്നു
text_fieldsമുംബൈ: കോവിഡ് പോസിറ്റീവ് ആയ ഗർഭിണികളെയും പിറന്നുവീഴുന്ന കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിൽ അനുകരണീയ മാതൃക കാട്ടുകയാണ് മുംബൈ. കോവിഡ് വ്യാപനം ശക്തമായ കഴിഞ്ഞ രണ്ടുമാസത്തിനിടെ 200ലധികം കുഞ്ഞുങ്ങളാണ് മുംബൈ ബി.ൈവ.എൽ നായർ ആശുപത്രിയിൽ സുരക്ഷിതരായി പിറന്നുവീണത്. രാജ്യത്തെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മുംബൈയിൽ ഇത് ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും ആശ്വാസവും ആത്മവിശ്വാസവും ഉയർത്തുകയാണ്.
രാജ്യത്ത് കോവിഡ് വ്യാപനം വേഗത്തിലായ ഏപ്രിലിൽ ബി.െവെ.എൽ നായർ ആശുപത്രിയിൽ എത്തിച്ച ഗർഭിണിയായ രോഗി മരിച്ചതിനെ തുടർന്നുള്ള നടപടികളാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. നിരവധി ആശുപത്രികളിൽനിന്ന് മടക്കിയ ശേഷം അവശനിലയിലാണ് കോവിഡ് പോസിറ്റീവായ ഗർഭിണിയെ ഇവിടെ എത്തിച്ചത്. ശരീരത്തിൽനിന്ന് ഒരുപാട് രക്തം ചോർന്നുപോയിരുന്നു. ആശുപത്രിയിലെത്തി നിമിഷങ്ങൾക്കകം അവർ മരിച്ചു. കുഞ്ഞിനെയും രക്ഷിക്കാനായില്ല.
ആദ്യഘട്ടത്തിൽ ആശുപത്രിയിൽ രണ്ടു വാർഡുകൾ മാത്രമാണ് കോവിഡ് വാർഡായി മാറ്റിയിരുന്നത്. എന്നാൽ ഈ സംഭവത്തോടെ ഗർഭിണികൾക്കായി ഒരു വാർഡും കുഞ്ഞുങ്ങൾക്കായി ശിശുവാർഡും ഒരുക്കി. ഗർഭിണികളിൽ ഭൂരിഭാഗവും കോവിഡ് പോസിറ്റീവായിരുന്നു. ഇവരെല്ലാം പ്രസവിച്ചു. കുഞ്ഞുങ്ങൾക്ക് കോവിഡ് നെഗറ്റീവ് ആയിരുന്നു.
ഏപ്രിലിൽ കോവിഡ് പോസിറ്റീവായ ഗർഭിണികളെ പ്രവേശിക്കാൻ മറ്റു ആശുപത്രി അധികൃതർ തയാറായിരുന്നില്ല. ഇതേ തുടർന്ന് സ്ത്രീകൾക്കായി ആശുപത്രിയിലെ വാർഡുകൾ വികസിപ്പിച്ച് വലിയ വാർഡാക്കി. ഇതോടെ കോവിഡ് പോസിറ്റീവായ ഗർഭിണികളെയും അത്യാസന്ന നിലയിലുള്ള സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ആശുപത്രിയിൽ നിയമിച്ച മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥ മനീഷ മഹൈസ്കർ പറഞ്ഞു.
സമീപത്തെ പ്രസവാശുപത്രിയുമായി സഹകരിച്ച് സൗകര്യങ്ങൾ വികസിപ്പിച്ചു. ആശുപത്രിയിൽ കോവിഡ് പോസിറ്റീവായ ഗർഭിണികൾക്കായി 30 കിടക്കകളുള്ള വാർഡ് സജ്ജമാക്കി. ഇതോടെ ആശുപത്രിയിലേക്ക് ഗർഭിണികളായ കോവിഡ് രോഗികൾ കൂടുതലായെത്തി. വാർഡ് തികയാതെ വന്നതോടെ കുട്ടികളുടെ വാർഡ് കോവിഡ് പോസിറ്റീവായ ഗർഭിണികളുടെ വാർഡാക്കി മാറ്റി.
ഏപ്രിൽ 18ന് ആശുപത്രി കോവിഡ് ചികിത്സ കേന്ദ്രമായി പ്രഖ്യാപിച്ചു. ഇതോടെ ഗർഭിണികൾക്കായി 120 കിടക്കകളുടെ വാർഡ് ഒരുക്കി. ഗൈനക്കോളജി വിഭാഗത്തിന് കീഴിൽ ആറു ഡോക്ടർമാർ ആറുമണിക്കൂർ ഷിഫ്റ്റിൽ മാറി മാറി ജോലിചെയ്തു. മേയ് അവസാനത്തോടെ കോവിഡ് പോസിറ്റീവായ ഗർഭിണികൾ 200കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അതും കോവിഡ് നെഗറ്റീവായ കുഞ്ഞുങ്ങളെ. ഏപ്രിൽ മുതൽ ജൂൺ എട്ടുവരെ 276 പ്രസവങ്ങളാണ് ആശുപത്രിയിൽ നടന്നത്.
കോവിഡ് പോസിറ്റീവായ ഗർഭിണികളുടെ ചികിത്സക്കായി പ്രത്യേക മാർഗനിർദേശങ്ങൾ തയാറാക്കി. ഡിസ്ചാർജ് ചെയ്യുന്നതിൽ വരെ ആ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു. കോവിഡ് പോസിറ്റീവായ അമ്മമാരിൽ നിന്നും കുഞ്ഞുങ്ങളെ അകറ്റിനിർത്തിയായിരുന്നില്ല ചികിത്സ. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനും അമ്മമാരെ അനുവദിച്ചു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതായി മുലപ്പാലും ബി.സി.ജി വാക്സിനും നൽകി. അമ്മമാർക്കൊപ്പം കുഞ്ഞുങ്ങളെയും വീട്ടിലേക്കയച്ചു. എന്നാൽ രോഗലക്ഷണമില്ലാത്ത അമ്മമാരെ മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷമാണ് കുഞ്ഞിനെ പാലൂട്ടാൻ അനുവദിച്ചത്.
276 പ്രസവം നടന്നതിൽ മൂന്നു കുഞ്ഞുങ്ങൾ മരിച്ചു. മാസം തികയാതെ പ്രസവിച്ചതും മറ്റു അണുബാധയേറ്റ കുഞ്ഞുങ്ങളാണ് മരിച്ചത്. പ്രസവം കഴിഞ്ഞ് അഞ്ചാറു ദിവസങ്ങൾക്ക് ശേഷം ചില കുഞ്ഞുങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൃത്യമായ ചികിത്സ നൽകിയതോടെ ഇവരും നെഗറ്റീവായി. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന മുംബൈയിൽ ആശ്വാസമേകുന്ന വാർത്തകളാണ് ബി.ൈവ.എൽ നായർ ആശുപത്രിയിൽ നിന്നുണ്ടാകുന്നത്. മുംബൈയിൽ ഇതുവരെ 50,878 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 26,178 പേർ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.