യൂട്യൂബ് വിഡിയോ ലൈക് ചെയ്യുന്ന 'ജോലി', വരുമാനം ദിവസവും 7000 രൂപ; 47കാരന് നഷ്ടമായത് 1.33 കോടി
text_fieldsമുംബൈ: ഓൺലൈൻ തട്ടിപ്പിനിരയായ 47കാരന് നഷ്ടമായത് 1.33 കോടി രൂപ. മുംബൈയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് പാർട് ടൈം ജോലിയുടെ പേരിൽ നടന്ന തട്ടിപ്പിൽ വീണ് പണം നഷ്ടമായത്. കേസ് സൈബർ പൊലീസ് അന്വേഷിക്കുകയാണ്.
വാട്സാപ്പിലൂടെയാണ് തട്ടിപ്പുകാർ ഇയാളെ പ്രലോഭിപ്പിച്ചത്. പാർട് ടൈം ജോലിയിലൂടെ ദിവസം 5000 മുതൽ 7000 വരെ സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിൽ വീണ ഇയാൾ മെസേജിലുണ്ടായിരുന്ന നമ്പറിൽ ബന്ധപ്പെട്ടു. അയച്ചുതരുന്ന യൂട്യൂബ് വിഡിയോകൾ കണ്ട് ലൈക് ചെയ്താൽ മാത്രം മതിയെന്നായിരുന്നു തട്ടിപ്പുകാർ പറഞ്ഞത്. യൂട്യൂബ് വിഡിയോ ലൈക് ചെയ്ത് സ്ക്രീൻഷോട്ടെടുത്ത് അയച്ചുനൽകിയാൽ പണം ലഭിക്കും. 5000 രൂപ രജിസ്ട്രേഷൻ ഫീസ് വേണമെന്ന് ആവശ്യപ്പെട്ടത് ഇയാൾ അയച്ചുനൽകി.
തട്ടിപ്പുകാർ നൽകിയ ലിങ്കുകളിലെ വിഡിയോകൾ ലൈക് ചെയ്തതിന് ഇയാൾക്ക് ആദ്യം പണം കിട്ടിത്തുടങ്ങി. ഇതോടെ വിശ്വാസ്യത വർധിച്ചു. 10,000 രൂപയോളം അക്കൗണ്ടിലെത്തി. പിന്നീട് തട്ടിപ്പുകാർ കൂടുതൽ പണം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് ഇയാളെ ടെലഗ്രാം ഗ്രൂപ്പിൽ ചേർത്തു. ഗ്രൂപ്പിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം തങ്ങൾക്ക് വൻ വരുമാനം കിട്ടിയെന്ന് പറഞ്ഞതോടെ ഇയാൾക്ക് കൂടുതൽ വിശ്വാസമായി.
തുടർന്ന് ഏതാനും കമ്പനികളിൽ പണം നിക്ഷേപിക്കണമെന്നും ഇത് ലാഭത്തിൽ തിരിച്ചുകിട്ടുമെന്നും തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. അങ്ങനെ വിവിധ അക്കൗണ്ടുകളിൽ 1.33 കോടി രൂപയോളം ഇയാൾ നിക്ഷേപിച്ചു. പിന്നീട് ഈ പണം തിരിച്ചുകിട്ടാതായതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.