മകനെ വെള്ളത്തുണിയിൽ പൊതുഞ്ഞുകിടത്തി, മകളുടെ കഴുത്തിൽ കയറുകെട്ടി-അകന്നുകഴിയുന്ന ഭാര്യയെ വരുത്താൻ മക്കളുടെ 'മരണമൊരുക്കി'യ യുവാവ് അറസ്റ്റിൽ
text_fieldsമുംബൈ: പിണങ്ങി കഴിയുന്ന ഭാര്യയെ 'പേടിപ്പിച്ച്' വരുത്താൻ വീട്ടിൽ മക്കളുടെ 'മരണരംഗം' ഒരുക്കിയ യുവാവിനെ പൊലീസ് വധശ്രമകേസ് ചുമത്തി അറസ്റ്റ് ചെയ്തു. മുംബൈ മലാഡ് ഈസ്റ്റിലെ പ്രാന്തപ്രദേശത്തുള്ള കുറാർ ഗ്രാമത്തിലായിരുന്നു സംഭവം. മക്കളുടെ മരണം കണ്ടാൽ ഭാര്യ ഉടൻ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്തതെന്നു പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇയാൾ മദ്യപിച്ച് ഭാര്യയെയും രണ്ട് മക്കളെയും ദേഹോപദ്രവം ചെയ്യുന്നത് പതിവായിരുന്നു. ഇതുമൂലം രണ്ട് വർഷം മുമ്പ് ഭാര്യ കുട്ടികളെയും കൊണ്ട് അവരുടെ ഗ്രാമത്തിലേക്ക് പോയി. കഴിഞ്ഞമാസം ഇയാൾ മക്കളെ തിരികെ കൊണ്ടുവന്നിരുന്നു. എന്നാൽ, ഭാര്യ ഇയാൾക്കൊപ്പം വരാൻ വിസമ്മതിച്ചു. ഭാര്യയെ വരുത്തുന്നതിനുവേണ്ടി ഇയാൾ മക്കളുടെ 'മരണം' ആവിഷകരിക്കുകയായിരുന്നെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ പ്രകാശ് ബെെല പറഞ്ഞു.
ആഗസ്റ്റ് ഏഴിനായിരുന്നു സംഭവം. എട്ടുവയസ്സുള്ള മകന്‍റെ ശരീരം വെള്ളത്തുണി കൊണ്ട് പൊതിയുകയും ദഹിപ്പിക്കാൻ കൊണ്ടുപോകുന്നതുപോലെ ശരീരത്തിൽ പൂമാലകളും മറ്റും വെക്കുകയും ചെയ്തു. 13 വയസ്സുള്ള മകളെ കഴുത്തിൽ കയറുകുരുക്കി ബക്കറ്റിൽ കയറ്റി നിർത്തി. കയറിന്‍റെ മറ്റേയറ്റം സീലിങ് ഫാനിൽ കെട്ടുകയും ചെയ്തു. ശേഷം മകളോട് ബക്കറ്റിൽനിന്നു ചാടാൻ പറഞ്ഞു. തന്നെ വിട്ടയയ്ക്കണമെന്നു മകൾ അപേക്ഷിച്ചെങ്കിലും അനുസരിച്ചില്ലെങ്കിൽ ഫാൻ ഓണാക്കി കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ രക്ഷിക്കാൻ ഓടിയെത്തിയെങ്കിലും അവരെയെല്ലാം ഇയാൾ ചീത്ത പറഞ്ഞ് പുറത്താക്കി. ഒടുവിൽ അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി വധശ്രമത്തിനു കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടികൾ 'മരിച്ചുകിടക്കുന്നതിന്‍റെ' ഫോട്ടോകളെടുത്ത് ഭാര്യക്ക് അയക്കുകയായിരുന്നു തന്‍റെ ലക്ഷ്യമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.