മുംബൈ കൊലപാതകം: ആഭ്യന്തരം ഗൗരവമായി ശ്രദ്ധിക്കണമെന്ന് സുപ്രിയ സുലെ, എം.വി.എ സർക്കാർ ശ്രദ്ധിച്ചിരുന്നെങ്കിൽ ശ്രദ്ധ വാൽക്കർ കൊല്ലപ്പെടുമായിരുന്നില്ലെന്ന് ബി.ജെ.പി
text_fieldsമുംബൈ: സരസ്വതി വൈദ്യയെന്ന 32 കാരിയെ ലിവ് ഇൻ പാർട്ണർ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങി അരച്ച സംഭവത്തിൽ എൻ.സി.പിയും ബി.ജെ.പിയും തമ്മിൽ തർക്കം രൂക്ഷം. എൻ.സി.പിയുടെ സുപ്രിയ സുലെയും മഹാരാഷ്ട്ര ബി.ജെ.പി വനിതാ വിങ് മേധാവി ചിത്ര വാഗും തമ്മിലാണ് തർക്കം രൂക്ഷമായത്. വിഷയത്തിൽ സുപ്രിയ സുലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും ആഭ്യന്തരമന്ത്രാലയത്തെയും ചോദ്യം ചെയ്തതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.
ഡൽഹിയിൽ ശ്രദ്ധ വാൽക്കർ കൊല്ലപ്പെട്ടതിനു സമാനമായാണ് മുംബൈയിൽ സരസ്വതിയും കൊല്ലപ്പെട്ടത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് സംഭവം വെളിച്ചത്തു വരുന്നത്.
സംസ്ഥാനത്തെ ക്രിമിനലുകൾക്ക് നിയമത്തില ഭയമില്ലാതായിരിക്കുന്നു. ആഭ്യന്തരമന്ത്രി അദ്ദേഹത്തിന്റെ വകുപ്പ് ഗൗരവത്തോടെ ശ്രദ്ധിക്കണം. അേൻവഷണ ഏജൻസികൾ ഈ കേസിലെ പ്രതികളെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ ഹാജരാക്കി വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കാൻ ശ്രമിക്കണം -ഫട്നാവിസിനെ ടാഗ് ചെയ്തുകൊണ്ട് സുപ്രിയ സുലെ ട്വീറ്റ് ചെയ്തു.
എന്നാൽ സുപ്രിയയുടെ ട്വീറ്റ് ബി.ജെ.പിക്ക് അത്ര പിടിച്ചില്ല. സുപ്രിയയുടെ നിറം മാറ്റം കാണുമ്പോൾ ഓന്തുപോലും നാണിച്ചുപോകുമെന്ന് ബി.ജെ.പി വനിതാ വിങ് പ്രസിഡന്റ് ചിത്ര കിഷോർ വാഗ് പരിഹസിച്ചു.
മിര റോഷ് കേസിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ ഫട്നാവിസിന് കഴിവുണ്ട്. മഹാ വികാസ് അഘാഡി സർക്കാർ അധികാരത്തിലിരിക്കെ, പുനെയിലെ മഞ്ചാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുസ്‍ലിം ആൺകുട്ടി തട്ടിക്കൊണ്ടുപോയപ്പോൾ നിങ്ങൾ ഇതുപോലെ സംസാരിച്ചില്ല. രണ്ടര വർഷത്തോളം കണ്ടെത്താനായില്ല. അന്ന് മഹാ വികാസ് അഘാഡി സർക്കാർ ഇടപെട്ടിരുന്നെങ്കിൽ ശ്രദ്ധ വാൽക്കർ കഷ്ണം കഷ്ണമാവുവായിരുന്നില്ല. - ചിത്ര വാഗ് പറഞ്ഞു.
56കാരനായ മനോജ് സാഹ്നിയാണ് സരസ്വതി വൈദ്യയെന്ന 32 കാരിയെ കൊന്നത്. മുംബൈയിലെ മിറ റോഡിലെ അപ്പാർട്ട്മെന്റിലാണ് സംഭവമുണ്ടായത്. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് ഇയാൾ പങ്കാളിയായ സരസ്വതി വൈദ്യയുടെ മൃതദേഹം വെട്ടിമുറിച്ചത്. ഇതിനുശേഷം മൃതദേഹഭാഗങ്ങൾ കുക്കറിലിട്ട് പുഴുങ്ങുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഗീതനഗറിലുള്ള ആകാശ് ദീപ് ബിൽഡിങ്ങിന്റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്നും ദുർഗന്ധം പുറത്ത് വന്നതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.
അഴുകിയനിലയിലാണ് മൃതദേഹ ഭാഗങ്ങൾ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. മനോജ് സാഹ്നിയും സരസ്വതിയും ലിവ് ഇൻ റിലേഷനിലായിരുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് മനോജ് സാഹ്നി സരസ്വതിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ജയന്ത് ബാജിബാലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.